പയ്യോളിയില്‍ സ്‌കൂട്ടര്‍യാത്രക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറി 1.80 ലക്ഷംരൂപ കവര്‍ന്നു


പയ്യോളി: സ്‌കൂട്ടറില്‍ സഞ്ചരിക്കവെ കണ്ണില്‍ മുളക് പൊടി വിതറി യാത്രക്കാരനില്‍ നിന്നും പണം കവര്‍ന്നു. എരവത്ത് താഴെക്കുനി സത്യന്റെ ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് കവര്‍ന്നത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ തിക്കോടി പാലൂരില്‍ മുതിരക്കാല്‍ മുക്കിലായിരുന്നു സംഭവം.

പെയിന്റിങ് തൊഴിലാളിയായ സത്യന്‍ കുറി നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി ശേഖരിച്ച പണവുമായി തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. ആള്‍ത്താമസമില്ലാത്ത വീട്ടുപറമ്പില്‍ നിന്നും രണ്ടുപേര്‍ ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറിന് സമീപത്തേക്ക് ചാടിവീഴുകയും കഴുത്തില്‍ പിടിമുറുക്കിയശേഷം കണ്ണില്‍ മുളകുപൊടി വിതറുകയുമായിരുന്നു. തുടര്‍ന്ന് സത്യന്റെ പോക്കറ്റില്‍ നിന്നും പണം കവര്‍ന്നെടുത്ത് പ്രതികള്‍ രക്ഷപ്പെട്ടു.

സത്യന്‍ വഴിയാത്രക്കാരുടെ സഹായത്തോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് പയ്യോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പയ്യോളി എസ്.ഐ മാരായ എന്‍ സുനില്‍കുമാര്‍, വിമല്‍ ചന്ദ്രര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുശേഖരിച്ചു.