പയ്യോളിയില്‍ പൊതുശ്മശാനം സംരക്ഷിക്കപ്പെട്ടില്ല; മരണമുഖങ്ങളില്‍ ആറടിമണ്ണിനായി നെട്ടോട്ടം


പയ്യോളി: നഗരസഭയിൽ എട്ട് കോളനികളുണ്ട്. കോളനികളിലെ മൂന്നും നാലും സെന്റിൽ കഴിഞ്ഞുകൂടുന്നത് നൂറുകണക്കിന് പേർ. ഇതല്ലാതെ മറ്റ് ഭാഗങ്ങളിലായി താമസിക്കുന്ന നിരവധി കുടുംബങ്ങൾ. വലിയവീടുകളിൽ കഴിയുമ്പോഴും പുറത്ത് സ്ഥലമില്ലാത്തവർ വേറെയും. അന്ത്യയാത്രയ്ക്ക് എല്ലാവർക്കും വേണ്ടത് ആറടി മണ്ണ്.

അതിനുള്ള നെട്ടോട്ടമാണ് മരണമുഖങ്ങളിൽ പയ്യോളിക്കാർ അനുഭവിക്കുന്നത്. 80 സെന്റ് സ്ഥലത്തുള്ള പൊതുശ്മശാനം ഉപയോഗശൂന്യമായി കിടക്കുമ്പോഴാണ് ആറടി മണ്ണിനായി പാവങ്ങൾ കോഴിക്കോടും മറ്റുമുള്ള ശ്മശാനം തേടി ഓടുന്നത്.

കൊളാവിപ്പാലം കോട്ടക്കടപ്പുറത്ത് കടൽത്തീരത്തിന് സമീപത്ത് 1995-ൽ അന്നത്തെ പഞ്ചായത്ത് സ്ഥാപിച്ചതാണ് പൊതുശ്മശാനം. സർക്കാർ ഉത്തരവ് പ്രകാരം റവന്യൂഭൂമി വില കൊടുത്ത് വാങ്ങിയതാണെന്ന് പറയുന്നു.

തീരദേശ നിവാസികളുടെ മാസങ്ങൾനീണ്ട പ്രക്ഷോഭങ്ങളെ തുടർന്നാണ് ഈ പൊതുശ്മശാനം നിലവിൽവന്നത്. മതിൽകെട്ടി ഉയർത്തിയ ശ്മശാനഭൂമിയിൽ ആദ്യകാലങ്ങളിൽ സംസ്കാരം നടന്നെങ്കിലും പിന്നീട് ചില എതിർപ്പുകളെത്തുടർന്ന് നിർത്തേണ്ടിവന്നു.

ആധുനികസംവിധാനങ്ങളുടെ പോരായ്മയാണ് വിഷയമായത്. ഇതിനിടെ ശ്മശാനത്തിന്റെ കോൺക്രീറ്റ് തൂൺ കയർകെട്ടിവലിച്ച് ആരോ തകർക്കുകയും ചെയ്തു. ഇതോടെ ശ്മശാനം കാടുകയറി. മതിലുകൾ പൊളിഞ്ഞുവീണു. ശ്മശാനം സംരക്ഷിക്കാനോ പ്രശ്നങ്ങൾ പരിഹരിക്കാനോ അധികൃതരുടെ ഭാഗത്തു നിന്ന് പിന്നീട് കാര്യമായ നടപടിയുമുണ്ടായില്ല. ഇതിനകം വർഷങ്ങൾ കടന്നുപോയി.

പഞ്ചായത്ത് ഇപ്പോൾ നഗരസഭയാവുകയും ജനസംഖ്യ വർധിക്കുകയും കോവിഡ് മഹാമാരി മരണസംഖ്യ ഉയർത്തുകയും ചെയ്തതോടെ പൊതുശ്മശാനം ഇല്ലാത്താതിന്റെ പ്രയാസം നാട്ടുകാരും അധികൃതരും ഒരുപോലെ അനുഭവിക്കുകയാണ്.

ഇതിന്റെ ഏറ്റവും ഒടുവിലത്തെ സ്ഥിതിയായിരുന്നു രണ്ടാഴ്ചമുമ്പ് ഇരിങ്ങലിലുണ്ടായത്. കോവിഡ് ബാധിച്ച് മരിച്ച 63-കാരന്റെ മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിക്കാനായി പി.പി.ഇ. കിറ്റ് ധരിച്ച് നഗരസഭ ചെയർമാനും ഹെൽത്ത് ഇൻസ്പെക്ടറുംമറ്റും മുന്നിട്ടിറങ്ങി. പരിസരവാസികൾക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധം പൊതുശ്മശാനം ഉണ്ടാവണമെന്ന ആവശ്യം ഇപ്പോൾ പരക്കെ ഉയർന്നിരിക്കുന്നു.