പയ്യോളി റേപ്പ് കേസ്; എസ്ഐ ജി.എസ്.അനിലിനെ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി വെറുതെ വിട്ടു


കൊയിലാണ്ടി: പോലീസ് സേനയ്ക്ക് കളങ്കം ഉണ്ടാക്കിയ പയ്യോളി റേപ്പ് കേസിൽ എസ്ഐ ജി.എസ്.അനിനെ കോടതി വെറുതെ വിട്ടു. കൊയിലാണ്ടി ഫാസ്ട്രാക്ക് കോടതിയാണ് അനിലിനെ വെറുതെ വിട്ടത്. യുവതിയെ നിരന്തരം പീഡിപ്പിച്ചു എന്നതിനാലായിരുന്നു അദ്ദേഹത്തിനെതിരെ കേസെടുത്തത്.

2019 ആഗസ്റ്റ് മാസം 27ന് പയ്യോളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഭർത്താവിനെതിരെ പരാതിയുമായി വന്ന പയ്യോളി സ്വദേശിനിയായ യുവതിയെ അന്നത്തെ പയ്യോളി എസ്ഐ ആയിരുന്ന ജി.എസ്.അനിൽ പീഡിപ്പിച്ചു എന്നായിരുന്നു കേസ്. കേസിന്റെ ഭാമായി കഴിഞ്ഞ ഒന്നര വർഷത്തിലധികമായി അദ്ദേഹത്തെ സർവീസിൽനിന്ന് പുറത്താക്കിയി രിക്കുകയായിരുന്നു.

ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന യുവതി വിവാഹ മോചനവുമായി ബന്ധപ്പെട്ട് കോഴിക്കോട് റൂറൽ എസ്.പി.ക്ക് പരാതി നൽകിയിരുന്നു. ആ പരാതി എസ്.പി പയ്യോളി സ്റ്റേഷനിലേക്ക് കൈമാറി. 2017 ജൂണിലായിരുന്നു ഇത്. ഈ സമയത്ത് അഞ്ചു ദിവസം അനിലിന് പയ്യോളി സ്റ്റേഷന്റെ ചാർജ് ഉണ്ടായിരുന്നു. അപ്പോൾ വക്കീലിനെ കാണാനുള്ള സൗകര്യവും മറ്റും ചെയ്തു കൊടുത്ത എസ്.ഐ. യുവതിയുമായി സൗഹൃദം സ്ഥാപിച്ചു.

പിന്നീട് അന്വേഷണത്തിന്റെ ഭാഗമായി തലശ്ശേരിയിൽ പോകണമെന്നു പറഞ്ഞ് യുവതിയെ കാറിൽ കൊണ്ടുപോയി. അവിടെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്യുകയും നഗ്നഫോട്ടോ എടുക്കുകയും ചെയ്തുവെന്നാണ് പരാതി. ഒക്ടോബറിലായിരുന്നു ഇത്.

തുടർന്ന് ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പല സ്ഥലത്തും കൊണ്ടുപോയി നിരന്തരം പീഡിപ്പിച്ചു. ഇതിനിടെ യുവതിയുമായി ഫെയ്സ്ബുക്ക് സൗഹൃദമുള്ള കോഴിക്കോട് സിറ്റിയിലെ മറ്റൊരു പോലീസുകാരന്റെ വീട്ടിൽ അനിലെത്തുകയും യുവതി ഇയാളുടെ പേരിൽ പരാതി നൽകിയിട്ടുണ്ടെന്ന് പറയുകയും ചെയ്തു. ഇത് ഒതുക്കാെനന്ന പേരിൽ പോലീസുകാരനിൽ നിന്ന് 1,76,000 രൂപ കൈവശപ്പെടുത്തി.

പിന്നീട് യുവതിയുടെ മൊബൈൽ ഫോണിന്റെ കാൾ ലിസ്റ്റ് എടുക്കണമെന്നു പറഞ്ഞ് കൊയിലാണ്ടിയിലെത്തിയ അനിൽ ഷോപ്പിനു മുന്നിൽ യുവതിയുമായി തർക്കവും അടിപിടിയുമായി. ബഹളമായപ്പോൾ കൊയിലാണ്ടി പോലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയും പിങ്ക് പട്രോളിന് കൈമാറുകയും ചെയ്തു. തുടർന്ന് പയ്യോളി പോലീസിന് കൈമാറിയ യുവതിയിൽ നിന്ന് മൊഴിയെടുക്കുമ്പോഴാണ് സംഭവങ്ങൾ അറിയുന്നതും പരാതി നൽകുന്നതും.