പയ്യോളി ബീച്ച് റോഡിലെ കട കത്തിക്കാന്‍ ശ്രമം; ഒരു ലക്ഷം രൂപയുടെ നഷ്ടം, സംഭവം ഇന്ന് പുലര്‍ച്ചെ


പയ്യോളി: പയ്യോളി ബീച്ച് റോഡില്‍ പ്രവര്‍ത്തിക്കുന്ന പലചരക്ക് കട കത്തിക്കാന്‍ ശ്രമം. ബസ് സ്റ്റാന്റില്‍ നിന്നും ബീച്ച് റോഡിലേക്കുള്ള വഴിയിലെ ഹിദാ കോംപ്ലെക്‌സില്‍ പ്രവര്‍ത്തിക്കുന്ന ‘ഫാമിലി സ്റ്റോര്‍’പലചരക്ക് കടയാണ് കത്തിക്കാന്‍ ശ്രമിച്ചത്.

പയ്യോളി ബീച്ചിലെ മധുരക്കണ്ടി നവാസാണ് ഈ കട നടത്തുന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ വഴിയാത്രക്കാര്‍ കടക്കുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പുക പടര്‍ന്നത് കാരണം കടക്കുള്ളിലെ ഒട്ടേറെ സാധനങ്ങള്‍ നശിച്ചിട്ടുണ്ട്.

രണ്ട് ഷട്ടറുകളുള്ള മുറിയുടെ അലൂമിനിയം ഫാബ്രിക്കേഷന്‍ ചെയ്ത ഭാഗത്താണ് തീ പിടിച്ചത്. ഷട്ടറിനിടയിലൂടെ തുണിഅകത്തേക്കിട്ട് തീ കൊടുത്തതാകമെന്നാണ് നിഗമനം. ഇതിന്റെ അവശിഷ്ടങ്ങള്‍ ബാക്കിയുണ്ട്. കത്തിക്കാന്‍ ഉപയോഗിച്ച തുണി അകത്തേക്ക് ഇടാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന ബൈക്കിന്റെ ബ്രേക്ക് കേബിളും സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ആസൂത്രിതമായി തീ കൊടുത്തതാകാമെന്നാണ് കരുതുന്നത്. അലൂമിനിയം ഫാബ്രിക്കേഷന്റ്‌റെ ഫ്രെയിം തടസ്സമായതിനാല്‍ കടക്കുള്ളിലേക്ക് തീ എത്താത്തതിനെ തുടര്‍ന്നു വലിയ തോതിലുള്ള തീപിടുത്തം ഒഴിവാകുകയായിരുന്നു.

നിരവധി സ്ഥാപനങ്ങളുള്ള ഈ കെട്ടിടത്തില്‍ തീ പടര്‍ന്നിരുന്നെങ്കില്‍ വലിയ അപകടം തന്നെ സംഭവിക്കുമായിരുന്നു. പയ്യോളി പോലീസും സീനിയര്‍ ഫയര്‍ ആന്ഡ് റെസ്‌ക്യൂ ഓഫീസര്‍ പി. വിജിത്ത് കുമാറിന്റെ നേതൃത്വത്തില്‍വടകരയില്‍ നിന്നുള്ള രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.ഉടമയുടെ പരാതിയില്‍ പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും.