പയ്യോളി നഗരസഭയിൽ ജീവനക്കാരന്റെ പീഡനശ്രമം; കൂടുതൽ യുവതികൾ പരാതിയുമായി രംഗത്ത്, വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്
പയ്യോളി: പയ്യോളി നഗരസഭയിൽ റെക്കോർഡ് റൂമിലേക്ക് ഭർതൃമതിയായ യുവതിയെ കൊണ്ട് പോയി പീഡനശ്രമം നടത്തിയതായി പരാതി. പരാതിയിൽ പറഞ്ഞ ജീവനക്കാരനെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചെന്ന ആരോപണം ശക്തമാവുന്നു. നഗരസഭാ ചെയർമാൻ ഉൾപ്പെടെയുള്ളവർ ജീവനക്കാരനെ ന്യായീകരിക്കുകയും പെൺകുട്ടിയെയും ഭർത്താവിനെയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
നഗരസഭയിലെ അഴിമതിക്കാരായ ജീവനക്കാരെ നിലക്ക് നിർത്താൻ ഭരണ നേതൃത്വത്തിന് സാധിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. എന്ത് കാര്യം സാധിക്കണമെങ്കിലും പണം കൊടുത്താലേ നടക്കൂ എന്നതാണവസ്ഥ. പണം നൽകാൻ കഴിയാത്തവരിൽ സ്ത്രീകളുണ്ടെങ്കിൽ അവരെ ലൈംഗിക താൽപ്പര്യത്തിന് വിധേയരാക്കാൻ ശ്രമിക്കുന്നവർ മുൻസിപ്പാലിറ്റിയിൽ വളർന്നു വരുന്നതാണ് കഴിഞ്ഞ ദിവസത്തെ സംഭവം കാണിക്കുന്നതെന്ന് പരാതിക്കാർ ആരോപിക്കുന്നു.
റെക്കോർഡ് റൂമിലേക്ക് ഒരു യുവതിയെ ജീവനക്കാരൻ വിളിച്ച് കൊണ്ട് പോയതെന്തിന് എന്ന ചോദ്യത്തിന്റെ പ്രസക്തി പോലും അവഗണിച്ച് ജീവനക്കാരനെ ന്യായീകരിക്കാൻ തയ്യാറായ പോലീസ് കൂടുതൽ സ്ത്രീകൾ പരാതിയുമായി മുന്നോട്ട് വന്നതോടെ വെട്ടിലാവുകയാണ്.
സമീപകാലത്ത് ഒന്നിലധികം സ്ത്രീകൾക്ക് നേരെ മുൻസിപ്പാലിറ്റിയിൽ വെച്ച് ഈ ജീവനക്കാരൻ പീഡനശ്രമം നടത്തിയതായുള്ള വിവരങ്ങൾ പുറത്ത് വന്നിരുന്നു. ഇന്നലത്തെ സംഭവത്തോടെ അവരും പരാതിയുമായി മേലധികാരികളെ സമീപിക്കുവാൻ തീരുമാനിച്ചതായാണ് വിവരം.