‘പപ്പാ പറഞ്ഞതായിരുന്നു ശരി; അവര്‍ ക്രിമിനലുകളാണ്’ ആലുവയിൽ മരിച്ച യുവതിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്


ആലുവ: സ്ത്രീധന പീഡനത്തെ തുടർന്ന് ആലുവയിൽ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21) എഴുതിയ കത്തിന്റെ ഒരുഭാഗം ഇങ്ങനെ:

‘പപ്പാ ചാച്ചാ സോറി. എന്നോട് ക്ഷമിക്കണം. നിങ്ങൾ പറഞ്ഞതായിരുന്നു ശരി. അവൻ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാൻ. ഞാൻ ഈ ലോകത്ത് ആരേക്കാളും സ്‌നേഹിച്ചയാൾ എന്നെപ്പറ്റി ഇങ്ങനെ പറയുന്നത് കേൾക്കാനുള്ള ശക്തിയില്ല. അവൻ അനുഭവിക്കും എന്തായാലും. പപ്പ ചാച്ച സന്തോഷത്തോടെ ജീവിക്ക്. എന്റെ റൂഹ് ഇവിടെ തന്നെ ഉണ്ടാകും. അസ്സലാമു അലൈക്കും.’

ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരായ മോഫിയയുടെ പരാതിയിൽ ഇന്നലെ ഭർതൃവീട്ടുകാരെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു. ചർച്ചയ്ക്കിടെ മോഫിയയും ഭർതൃവീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. ചർച്ചയ്ക്ക് മധ്യസ്ഥത വഹിച്ച ആലുവ ഈസ്റ്റ് സി.ഐ മോഫിയയെ ശാസിച്ചതായും ഇതിൽ മകൾക്ക് മനോവിഷമം ഉണ്ടായെന്നും മോഫിയയുടെ പിതാവ് ആരോപിച്ചു.

പൊലീസ് സ്റ്റേഷനിൽ നിന്ന് തിരികെയെത്തിയ മോഫിയ മുറിയിൽ കയറി കതകടച്ചു. ഏറെ സമയം കഴിഞ്ഞും പുറത്തേക്ക് വരാതിരുന്നതിനെ തുടർന്ന് വൈകീട്ട് വീട്ടുകാർ വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭർതൃവീട്ടുകാർക്കും സി.ഐക്കുമെതിരെ നടപടി ഉണ്ടാവണമെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.