പന്നിമുക്ക്-ആവള റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്ന് ബി.ജെ.പി


പേരാമ്പ്ര: പന്നിമുക്ക് ആവള റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്ന് ബി.ജെ.പി മഠത്തില്‍ മുക്ക് ബൂത്ത് യോഗം അധിക്യതരോട് ആവശ്യപ്പെട്ടു. നാല് കിലോമീറ്ററിലധികം നീളത്തിലുളളതും ആയിരക്കണക്കിന് യാത്രക്കാരുടെ സഞ്ചാരപാതയുമായ റോഡിലൂടെ കാല്‍നട യാത്രക്കാര്‍പോലും ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.

ഒരു വര്‍ഷത്തിലധികമായി പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞെങ്കിലും പ്രവൃത്തി എങ്ങുമെത്തിയില്ല. കേവലം രണ്ട് കല്‍വര്‍ട്ടിന്റെ പണി മാത്രമാണ് നടന്നത്. കനത്ത മഴയില്‍ കുഴിയില്‍ വിണ് നിരവധി യാത്രക്കാര്‍ക്കാണ് പരിക്ക് പറ്റുന്നത്. എസ്റ്റിമേറ്റ് തുക വര്‍ദ്ധിപ്പിക്കാന്‍ കരാറുകാരനും, ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മിലുള്ള ഒത്തുകളിയാണ് പ്രവൃത്തി നടക്കാത്തതിന് പിന്നിലെന്ന് യോഗം ആരോപിച്ചു.

അധിക്യതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 9 ന് മഠത്തില്‍മുക്കില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കാന്‍ യോഗം തിരുമാനിച്ചു. കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ രജീഷ് ഉദ്ഘാടനം ചെയ്തു. കെ.പി ജയന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.കെ രജീഷ്, കെ.പി ബാബു, കെ.ടി വിനോദന്‍, ബാബു മരുതിയാട്ട്, പി.എം പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.