പന്തീരങ്കാവ് യുഎപിഎ കേസ്; താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി


കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിലെ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. അതേസമയം അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല. താഹ ഫസലിനോട് ഉടന്‍ കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബര്‍ ഒന്നിനാണ് അലനെയും താഹയെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. 2020 സെപ്റ്റംബര്‍ ഒന്‍പതിനാണ് ഇരുവര്‍ക്കും കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്നാല്‍ ഇതിനെതിരെ എന്‍ഐഎ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഒരു വര്‍ഷത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി.

2020 ഏപ്രില്‍ 27 നാണ് ദേശീയ അന്വേഷണ ഏജന്‍സി ഇരുവര്‍ക്കുമെതിരായ കുറ്റപത്രം കൊച്ചി എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചത്.

അറസ്റ്റിലായ ശേഷം മൂന്ന് തവണ ഇരുവരും ജാമ്യത്തിനായി ശ്രമിച്ചിരുന്നു. കോഴിക്കോട് ജില്ലാ കോടതിയിലും എന്‍.ഐ.എ കോടതിയിലും ഹൈക്കോടതിയിലുമായിരുന്നു ജാമ്യത്തിനായി ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കുകയായിരുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക