പന്തിരിക്കരയില്‍ തെരുവ് നായ്ക്കളുടെ ആക്രമണം; മൂന്ന് ആടുകളെ കടിച്ച് കൊന്നു


പേരാമ്പ്ര: പന്തിരിക്കര ചങ്ങരോത്തും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. ആടുകളെ തെരുവു നായകള്‍ കടിച്ചു കൊന്നു. തിങ്കളാഴ്ച ചങ്ങരോത്ത് മദ്രസക്കു സമീപം വെച്ച് മൂന്നോളം ആടുകളെയാണ് തെരുവ് നായ്ക്കള്‍ വകവരുത്തിയത്. മറ്റൊരു ഒരു ആടിനെ കടിച്ചു പരിക്കേല്‍പിക്കുകയും ചെയ്തു. മദ്രസ സ്റ്റോപ്പിന്നടുത്തുള്ള പൊയില്‍ കാസിമിന്റെ ആടുകളെയാണ് നായ്ക്കള്‍ കൊന്നൊടുക്കിയത്.

കുറെക്കാലമായി തെരുവ് നായകളുടെ ആക്രമണത്തെ തുടര്‍ന്ന് വളര്‍ത്തുമൃഗങ്ങളെയും കോഴികളെയും വളര്‍ത്താന്‍ പറ്റാത്ത സാഹചര്യമാണ്. പട്ടാപ്പകല്‍ കൂട്ടമായെത്തുന്ന നായകളുടെ ആക്രമണം ഭയന്ന് കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെയുള്ളവര്‍ ഭയന്നാണ് കഴിയുന്നത്. തെരുവ് നായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടുന്ന അവസ്ഥയിലാണ് പലരും. ഇവയെ നിയന്ത്രിക്കുന്നതിനും വന്ധ്യകരണം നടത്തുന്നതിനും ആവശ്യമായ നടപടികള്‍ അധികാരികള്‍ കൈക്കൊള്ളണമെന്നാണ് നാട്ടുകാരെ ആവശ്യം.