പന്തിരിക്കര പുല്ലാഞ്ഞിക്കാവില്‍ റോഡിന്റെ കൈവരി പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യം ശക്തം


പേരാമ്പ്ര: പന്തിരിക്കരയിലെ പുല്ലാഞ്ഞിക്കാവില്‍ റോഡിന്റെ കൈവരി പുനര്‍ നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിന്റെ കൈവരിയും അടിഭാഗത്തുള്ള കല്‍കെട്ടും തകര്‍ന്നിട്ട് മാസങ്ങളായി. എന്നാല്‍ ഇത് പുനര്‍ നിര്‍മ്മിക്കാത്തതിനെ തുടര്‍ന്ന് കാല്‍നടയാത്രക്കാരും വാഹനയാല്‍ത്രക്കാരുള്‍പ്പെടെയുള്ളവര്‍ ഒരുപോലെ പ്രയാസം നേരിടുകയണ്.

ദിനം പ്രതി നൂറ് കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്ന് പോകുന്നത്. എന്നാല്‍ അപകടം ഒഴിവാകുന്നതിന് വേണ്ട യാതൊരുവിധ മുന്നറിയിപ്പു ബോര്‍ഡുകളും ഇവിടെ ഇതുവരെ സ്ഥാപിച്ചിട്ടില്ല. കല്‍കെട്ട് ഇളകിയ ഭാഗത്ത് പതിനഞ്ച് മീറ്ററോളം താഴ്ചയില്‍ കുറ്റ്യാടി ജലസേചന പദ്ധതിയുടെ മെയിന്‍ കനാല്‍ കടന്നുപോകുന്നുണ്ട്. കൂടുതല്‍ അപകട സാധ്യതയുള്ള പ്രദേശമായിട്ടും റോഡിന്റെ കൈവരി പുനര്‍ നിര്‍മ്മിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.

അങ്കനവാടികളും, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയവ ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂളുകള്‍ തുറന്നാല്‍ കുട്ടികളും മറ്റും അപകടത്തില്‍ പെടാന്‍ സാധ്യതകളേറെയാണ്. അതിനാല്‍ എത്രയും പെട്ടെന്ന് തന്നെ കള്‍വെര്‍ട്ടിന്റെ ഇടിഞ്ഞ ഭാഗവും കൈവരിയും പുനര്‍ നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.