പനങ്ങാട് വയലട റോഡില്‍ ഉരുള്‍പൊട്ടല്‍; വീടിനുമേല്‍ മണ്ണ് വന്നടിഞ്ഞു; ചിത്രങ്ങളും വീഡിയോയും കാണാം


ബാലുശ്ശേരി: കനത്ത മഴയില്‍ പനങ്ങാട് ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടല്‍. കുറുമ്പൊയില്‍ വയലട റോഡിന്റെ ഒരു ഭാഗം തകര്‍ന്ന് കുത്തിയൊലിക്കുകയായിരുന്നു. റോഡിന് താഴെയുള്ള വീടിന് മേലേക്ക് ഒലിച്ചിറങ്ങുകയായിരുന്നെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച പനങ്ങാട് ഗ്രാമപഞ്ചായത്തംഗം ദിലീപ് കുമാര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

തോരോട് മലയില്‍ ജലാലുദ്ദീന്റെ വീടിനു മുന്‍ഭാഗത്തായാണ് ചെളിയും പാറക്കഷണങ്ങളും അടിഞ്ഞത്. ഇന്ന് വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം.

ജലാലുദ്ദീനും ഭാര്യയും കോഴിക്കോടാണ് താമസിക്കുന്നത്. ഇടയ്ക്ക് മാത്രമാണ് ഈ വീട്ടില്‍ വരാറുള്ളത്. അപകടസമയത്ത് പറമ്പില്‍ പണി നടക്കുന്നതിനാല്‍ ജലാലുദ്ദീനും ഭാര്യയും വീട്ടിലുണ്ടായിരുന്നു. മണ്ണിടിയിരുന്ന ശബ്ദം കേട്ട് വീട്ടിനകത്തുനിന്നും പുറത്തിറങ്ങി ഓടുകയായിരുന്നു. പറമ്പില്‍ പണിയെടുക്കുകയായിരുന്ന ബാബുവും ഓടി രക്ഷപ്പെട്ടു. ഇയാളുടെ കാലില്‍ പാറക്കഷണം ഇടിച്ച് പരിക്കേറ്റിട്ടുണ്ട്.

വീടിനു മുമ്പിലുണ്ടായിരുന്ന ഇവരുടെ വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജലാലുദ്ദീനെയും കുടുംബത്തെയും തിരികെ കോഴിക്കോടേക്ക് സുരക്ഷിതമായി അയച്ചു. ചളി നിറഞ്ഞതിനാല്‍ വീടിനുള്ളിലേക്ക് കടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സമീപത്തെ നാലഞ്ചു വീടുകളിലെ ആളുകളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നും വാര്‍ഡ് മെമ്പര്‍ അറിയിച്ചു.

വീഡിയോ കാണാം:

ചിത്രങ്ങൾ: