പതിനാലുകാരിക്ക് ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു; മലപ്പുറത്ത് രണ്ട് പേർ കൂടി അറസ്റ്റിൽ


മലപ്പുറം: കൽപ്പകഞ്ചേരിയിൽ പതിനാലു വയസുകാരിക്ക് ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ കൂടി പെലീസിന്റെ പിടിയിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസില്‍ ഇനിയും മൂന്ന് പ്രതികളെ പിടികൂടാനുണ്ട്.

ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടിയെ ലഹരിക്ക് അടിമയാക്കിയ ശേഷം തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു. ആദ്യം പ്രധാനപ്രതി പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുകയും പിന്നീട് കുട്ടിക്ക് കഞ്ചാവും ഹാഷിഷ് ഓയിലും ഉൾപ്പെടെയുള്ള ലഹരികൾ നൽകുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.

ലഹരിക്ക് അടിമപ്പെട്ടതോടെയാണ് കുട്ടിയെ പീഡിപ്പിക്കാൻ തുടങ്ങിയത്. പിന്നീട് ഭീഷണിപ്പെടുത്തി സുഹൃത്തുക്കൾക്കും പെൺകുട്ടിയെ കാഴ്ചവെച്ചു. പീഡനം സഹിക്ക വയ്യാതെയായപ്പോൾ പെൺകുട്ടി ഈ വിവരം വീട്ടിൽ അറിയിക്കുകയായിരുന്നു.

പ്രതികൾ പെൺകുട്ടിയുടെ വീട്ടിൽവെച്ചും പീഡിപ്പിക്കുകയും ലഹരിമരുന്ന് നൽകുകയും ചെയ്തിരുന്നതായാണ് വിവരം. സംഭവത്തിൽ പോലീസ് ഏഴ് പേരെ പ്രതിചേർത്തിട്ടുണ്ട്. രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ബാക്കി മൂന്ന് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്