പണി വരുന്നുണ്ടവറാച്ചാ; ഇ ബുള്‍ ജെറ്റ് വിവാദത്തില്‍ സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ നിയമവിരുദ്ധ കമന്റുകള്‍ പരിശോധിക്കും, നടപടികള്‍ക്ക് സാധ്യത


കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് വിവാദത്തില്‍ സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ നിയമവിരുദ്ധ കമന്റുകള്‍ പരിശോധിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍ ഇളങ്കോ. പരസ്യമായി അസഭ്യം പറയുന്നത് കുട്ടികളായാലും കര്‍ശന നടപടിയെടുക്കുമെന്ന് കമ്മീഷണര്‍ പറഞ്ഞു.

പ്രതികള്‍ക്കെതിരെ മറ്റെന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും ആര്‍ ഇളങ്കോ വ്യക്തമാക്കി.

അതേ സമയം ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് ജാമ്യം ലഭിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന് ഒരാള്‍ക്ക് 3500 രൂപ കെട്ടി വയ്ക്കണമെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

കളക്ടറേറ്റിലെ ആര്‍ടിഒ ഓഫിസിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പിഴയടയ്ക്കാമെന്ന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ കോടതിയില്‍ അറിയിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളാണ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഏഴായിരത്തോളം രൂപ പിഴയാണ് ഈ കേസില്‍ മാത്രം എബിനും ലിബിനുമെതിരായി ചുമത്തിയിരിക്കുന്നത്.