‘പണയത്തിലായ സ്വര്‍ണ്ണത്തിന്റെ പേരില്‍ ഭാര്യയുടെ അവഹേളനം’; കണ്ണൂരില്‍ ഒന്നരവയസുകാരി അന്‍വിതയുടെ കൊലപാതകത്തിന്റെ കാരണം വിശദീകരിച്ച് അച്ഛന്‍ ഷിജു
കൂത്തുപ്പറമ്പ്: ഒന്നരവയസുകാരി മകളെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ പിതാവ് കഴിഞ്ഞ ദിവസമാണ് പൊലീസ് പിടിയിലായത്. തലശ്ശേരി കോടതി ജീവനക്കാരനായ കെ.പി ഷിജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പണയത്തിലായ സ്വര്‍ണ്ണത്തിന്റെ പേരില്‍ ഭാര്യയുടെ അവഹേളനത്തെ തുടര്‍ന്നാണ് ഭാര്യ സോനയെയും ഒന്നര വയസുകാരി അന്‍വിതയെയും ഷിജു പുഴയിലേക്ക് തള്ളിയിട്ടത്. സോനയെ നാട്ടുകാര്‍ രക്ഷിച്ചുവെങ്കിലും അന്‍വിത മരിച്ചു.
സാമ്പത്തിക പ്രയാസമുള്ളതിനാല്‍ ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയിരുന്നെന്നും ഇതിന്റെ പേരില്‍ ഭാര്യ നിരന്തരം കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തതിനാലാണു പുഴയില്‍ തള്ളിയിട്ടു കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും ഷിജു പറഞ്ഞതായി പൊലീസ് പറയുന്നു. ഭാര്യയെയും കുഞ്ഞിനെയും പുഴയിലേക്കു തള്ളിയിട്ടതാണെന്നു ഷിജു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സ്വര്‍ണം പണയത്തിലായിരുന്ന കാര്യം സോനയും പൊലീസിനോടു പറഞ്ഞിട്ടുണ്ട്. അറസ്റ്റിലായ ഷിജുവിനെ തലശ്ശേരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.
വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് പാത്തിപ്പാലം പുഴയിലേക്ക് ഭാര്യയേയും ഒന്നര വയസുകാരി മകളെയും ഷിജു തള്ളിയിട്ടത്. ശേഷം ഇവിടെ നിന്നും ഓടി മറഞ്ഞ ഷിജുവിനെ മട്ടന്നൂരില്‍ നിന്നാണ് കതിരൂര്‍ പൊലീസ് പിടികൂടിയത്. കൊവിഡ് കാരണം പ്രവേശനം നിഷേധിക്കപ്പെട്ട ക്ഷേത്രകുളത്തില്‍ ഷിജു ചാടിയത് ശ്രദ്ധയില്‍പ്പെട്ടവരാണ് വിവരം പൊലീസിനെ അറിയിച്ചത്. ആത്മഹത്യ ചെയ്യാനുള്ള ശ്രമമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാര്‍ ഇട്ടുകൊടുത്ത തെങ്ങോലയില്‍ പിടിച്ചാണ് ഷിജുവിനെ കരയ്ക്ക് എത്തിച്ചത്.
വള്ള്യായിയില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു വരുന്നതിനിടെയാ സോനയെയും മകളെയും ഷിജു പുഴയില്‍ തള്ളിയിട്ടത്. പുഴ കാണിക്കാമെന്നു പറഞ്ഞ് പുഴക്കരയില്‍ എത്തി തടയണയുടെ മുകളിലൂടെ നടക്കുമ്പോള്‍ തന്നെയും മകളെയും ഭര്‍ത്താവ് തള്ളി പുഴയിലിട്ടുവെന്നാണു ഭാര്യയുടെ മൊഴി. സംഭവത്തിനു ശേഷം ഷിജുവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇവര്‍ എത്തിയ ബൈക്ക് ഉപേക്ഷിച്ചാണ് ഷിജു കടന്നു കളഞ്ഞത്. സംഭവസ്ഥലത്തു നിന്ന് ഒരാള്‍ ഓടിപ്പോകുന്നതു കണ്ടതായി ദൃക്‌സാക്ഷികളും പറഞ്ഞിരുന്നു.
അന്‍വിതയുടെ മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പൊന്ന്യം നാലാം മൈലിനടുത്ത സോനയുടെ തറവാട്ടു വീട്ടിലെത്തിച്ചു സംസ്‌കരിച്ചു.കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.