പണമിടപാട് ആപ്പുകളിലെ ‘സ്‌ക്രാച്ച് കാര്‍ഡു’കൾ ഉപയോഗിക്കുന്നവർ തീർച്ചയായും ഈ വാർത്ത വായിക്കുക: കീഴ്പയൂരില്‍ യുവാവ് സമ്മാന കാര്‍ഡ് ചുരണ്ടിയപ്പോള്‍ നഷ്ടപ്പെട്ടത് അക്കൗണ്ടിലെ പണം


മേപ്പയൂർ: പണമിടപാട് ആപ്പിൽ സമ്മാനമായി വന്ന ‘സ്‌ക്രാച്ച് കാർഡ്’ ചുരണ്ടിയപ്പോൾ മേപ്പയൂർ സ്വദേശിക്ക് നഷ്ടമായത് അക്കൗണ്ടിലെ പണം. കോഴിക്കോട് ജില്ലയിലെ മേപ്പയൂർ സ്വർണ മഹൽ ഗോൾഡ് ഏൻ്റ് ഡയമൻലെ ജീവനക്കാരനും കീഴ്പയൂർ സ്വദേശിയുമായ എടയിലാട്ട് ഉണ്ണികൃഷ്ണനാണ് പണം നഷ്ടപ്പെട്ടത്.

രാത്രി 11 നു ഉണ്ണികൃഷ്ണൻ ഉപയോഗിക്കുന്ന ഓൺലൈൻ പണമിടപാട് ആപ്പ് വഴി ’നിങ്ങൾ ഒരു സ്‌ക്രാച്ച് കാർഡിന് അർഹനായിരിക്കുന്നു’ എന്ന സന്ദേശം ലഭിച്ചത്. ഇത് തുറന്ന് ‘സ്‌ക്രാച്ച് കാർഡ്’ ചുരണ്ടിയപ്പോൾ 4934 രൂപ സമ്മാനം ലഭിച്ചതായും ഫോണിൽ കാണിച്ചു. സംശയം തോന്നി ഇടപാട് അവസാനിപ്പിക്കാൻ തുടങ്ങിയപ്പോഴേക്കും മറ്റൊരു ലിങ്കിലേക്ക് പോവുകയും അക്കൗണ്ടിൽനിന്ന്‌ 4934 രൂപ നഷ്ടപ്പെട്ടതായി ആപ്പിൽ സന്ദേശമെത്തുകയും ചെയ്തു.

പണമിടപാട് രേഖയിൽ റിവാഡ് കൺസൾട്ടൻ്റ് പ്രൈവറ്റ് ലിമിൻ്റഡിൻ്റെ യെസ് ബാങ്ക് എക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നത് എന്നാൽ പണം നഷ്ടപ്പെടുന്നതിന് മുമ്പ് ഒ.ടി.പി യോ രഹസ്യ നമ്പറോ ആവശ്യപ്പെട്ടിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. പണം നഷ്ടപ്പെട്ടതിന് ശേഷം മേപ്പയൂരിലെ ഫെഡറൽ ബാങ്ക് ശാഖയിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു ,എന്നാൽ ഇതുവരേയായും പണം തിരിച്ചുകിട്ടിയിട്ടില്ല. മേപ്പയൂർ പോലീസിലും പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കണ്ണൂര്‍ സ്വദേശിക്കും സമാനമായ രീതിയില്‍ പണം നഷ്ടപ്പെട്ടിരുന്നു. കാസർകോട് അഗ്നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥനും കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിയുമായ ലിമ്‌നിത്ത് മോഹനാണ് പണം നഷ്ടപ്പെട്ടത്.