പഠിക്കാന്‍ പ്രായം തടസ്സമല്ലെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച് അരിക്കുളം സ്വദേശി ബാലന്‍; ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയെഴുതിയത് എഴുപത്തിയൊന്നാം വയസ്സില്‍
അരിക്കുളം: ഒരാഴ്ചയായി നടന്നു വന്ന സാക്ഷരതാ മിഷന്‍ ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷ ശനിയാഴ്ച അവസാനിച്ചു. കോവിഡ് മഹാമാരിക്കാലത്ത് ഓണ്‍ലൈനായി പഠിച്ചാണ് മിക്കവരും പരീക്ഷയെഴുതിയത്. നേരിട്ടുളള സമ്പര്‍ക്ക പഠനം കുറച്ചു മാത്രമേ ലഭിച്ചിരുന്നുളളുവെങ്കിലും പരീക്ഷ നന്നായി എഴുതിയതായി മിക്ക പഠിതാക്കളും പറഞ്ഞു.
കോഴിക്കോട് ജില്ലയില്‍ തുല്യത പരീക്ഷ എഴുതിയ ഏറ്റവും പ്രായം കൂടിയ പഠിതാവ് അരിക്കുളം സ്വദേശി കെ.കെ.ബാലനാണ്. എക്സ്സൈസ് വകുപ്പില്‍ നിന്ന് വിരമിച്ച ബാലന്‍ 10 തരം തുല്യതാപരീക്ഷ എഴുതി ജയിച്ച ശേഷമാണ് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സിന് ചേര്‍ന്നത്. അരിക്കുളം ഗ്രാമ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജില്ലയില്‍ 14 പരീക്ഷാ കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. മൊത്തം 2060 പഠിതാക്കളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 1384 പേര്‍ വനിതകളാണ്. ഭിന്നശേഷി വിഭാഗത്തില്‍ 23 പേരും പരീക്ഷയെഴുതിയെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രശാന്ത് കുമാര്‍ പറഞ്ഞു.
കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സില്‍ 174 പേര്‍ പരീക്ഷയെഴുതി. ഹ്യുമാനിറ്റീസ്,കോമേഴ്സ് ഗ്രൂപ്പുകളിലാണ് പരീക്ഷ നടന്നത്. സെന്റര്‍ കോര്‍ഡിനേറ്റര്‍മാരായ എം.ദീപ,സിന്ധു സുരേഷ് എന്നിവര്‍കൊയിലാണ്ടിയിലെ പഠന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.