പഠനം ഓണ്‍ലൈനില്‍ തന്നെ; എങ്കിലും പേരാമ്പ്ര എ.യു.പിയിലെ വിദ്യാര്‍ഥികള്‍ പ്രാര്‍ത്ഥനയും ദേശീഗാനവും മുടക്കില്ല


പേരാമ്പ്ര: പഠനം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലേക്ക് മാറിയാലും വിദ്യാലയത്തിന്റെ പ്രതീതി ഉണര്‍ത്തുന്ന ബെല്ലും ദേശീയ ഗാനവും പ്രാര്‍ത്ഥനയുമെല്ലാം ഇപ്പോഴും വെര്‍ച്വല്‍ ക്ലാസ് മുറികളിലും പിന്തുടരുന്ന ഒരു സ്‌കൂള്‍ ഉണ്ട് കേരളത്തില്‍. അവിടുത്തെ കുട്ടികള്‍ക്ക് ഒരു ദിവസം പോലും പ്രാര്‍ത്ഥന മുടങ്ങിയിട്ടില്ല. അവര്‍ക്ക് ഒരിക്കല്‍ പോലും ദേശീയഗാനമില്ലാതെ പുസ്തകങ്ങള്‍ മടക്കി വയ്‌ക്കേണ്ടി വന്നിട്ടില്ല. പേരാമ്പ്ര എ.യു.പിയിലെ വിദ്യാര്‍ഥികളാണ് ഈ സന്തോഷങ്ങള്‍ ഇപ്പോഴും അനുഭവിച്ചു വരുന്നത്.

നിത്യവും സ്‌കൂള്‍ ബെല്ലിന്റെ മുഴക്കം അവരുടെ വെര്‍ച്വല്‍ ക്ലാസ് മുറികളില്‍ കേള്‍ക്കും. രാവിലെ 9.45 ന് ലോങ്‌ബെല്‍ മുഴങ്ങും. 9.55 ന് സെക്കന്‍ഡ് ബെല്ലും 9.58 ന് പ്രഭാതപ്രാര്‍ഥനയും കഴിഞ്ഞ് 10 മണിക്ക് ക്ലാസ് തുടങ്ങാനുള്ള ബെല്‍ മുഴങ്ങും. കൃത്യം ഒരുമണിക്ക് ഉച്ചഭക്ഷണത്തിനുള്ള ബെല്ലും രണ്ടു മണിക്ക് ക്ലാസ് ആരംഭിക്കാനുള്ള ബെല്ലും മുഴങ്ങും. വൈകീട്ട് 3.58ന് ദേശീയഗാനം. നാലു മണിക്ക് ക്ലാസ് അവസാനിക്കുന്ന ലോങ്‌ബെല്‍.

അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെട്ട ‘എന്റെ പേരാമ്പ്ര എ.യു.പി.സ്‌കൂള്‍’ എന്ന പേരില്‍ രൂപവത്കരിച്ച രണ്ട് വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെയാണ് പേരാമ്പ്ര എ.യു.പി.സ്‌കൂളില്‍ വ്യത്യസ്തമായ പ്രവര്‍ത്തനം നടത്തുന്നത്. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് റെക്കോഡ് ചെയ്തുവെച്ച ദേശീയഗാനവും, പ്രഭാതപ്രാര്‍ഥനയും, ബെല്‍ ശബ്ദവും കൃത്യസമയത്ത് വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യും. അധ്യാപകര്‍ക്കും പി.ടി.എ അംഗങ്ങള്‍ക്കും ഓരോ ദിവസത്തെ ചുമതല നല്‍കിയിരിക്കുന്നു. വീടുകളില്‍ സ്‌കൂള്‍ അന്തരീക്ഷം ഗൃഹാതുരതയോടെ അനുഭവിക്കാന്‍ കഴിയുന്ന സന്തോഷത്തിലാണ് പേരാമ്പ്രയിലെ വിദ്യാര്‍ഥികള്‍.