പട്ടിണിയില്ലാത്ത നാട് സ്വപ്‌നം കണ്ടു, വയോജനങ്ങള്‍ക്ക് ദിവസവും അന്നമൊരുക്കി; പന്തിരിക്കരയില്‍ മൂസക്ക ഇനിയില്ല
പേരാമ്പ്ര: പ്രായം ചെന്നവര്‍ക്ക് കൈയില്‍ കാശില്ലെങ്കിലും പന്തിരിക്കരയിലെ മുബാറക്ക് ഹോട്ടലിലേക്ക് ധൈര്യപൂര്‍വം തലയുയര്‍ത്തിപ്പിടിച്ച് തന്നെ കടന്നുചെല്ലാമായിരുന്നു. അവര്‍ക്കായി സൗജന്യഭക്ഷണം ഇവിടെ ഉറപ്പുണ്ടാകും. മുബാറക്ക് ഹോട്ടല്‍ ഉടമ മുക്കുട്ടാന്‍കണ്ടി മൂസക്കെ ഇവരെ കാത്തിരിക്കും. വയറുനിറച്ച് ഭക്ഷണം കൊടുക്കും. ഹോട്ടലിലേക്ക് എത്തുന്നവരെ ചിരിയോടെ സ്വീകരിക്കാന്‍ ഇനി മൂസക്കയില്ല.
ഹോട്ടലിലെ കാഷ് കൗണ്ടറില്‍ മേശപ്പുറത്ത് തന്നെ സൗജന്യത്തെ കുറിച്ച് എഴുതി വെക്കുമായിരുന്നു. വിശപ്പുരഹിത രാജ്യമെന്ന സ്വപ്‌നം മനസ്സില്‍ സൂക്ഷിക്കുക മാത്രമല്ല, അതിനായി തന്റേതായ ഒരു പങ്ക് നിര്‍വഹിക്കുകയും ചെയ്തയാളാണ് മുബാറക്ക് ഹോട്ടല്‍ ഉടമ മുക്കുട്ടാന്‍കണ്ടി മൂസ. 70 വയസ് കഴിഞ്ഞ 40ഓളം പേര്‍ക്ക് ഇവിടെനിന്ന് സൗജന്യമായി ഉച്ചഭക്ഷണം നല്‍കാറുണ്ട്. കുറേപേര്‍ക്ക് വീടുകളിലേക്കും എത്തിക്കും.
എല്ലാവര്‍ക്കും ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ തന്നെ ഉറപ്പുവരുത്തണമെന്നും അദ്ദേഹം സ്വപ്‌നം കണ്ടിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ഹോട്ടലില്‍ എത്തിയവര്‍ക്കെല്ലാം സൗജന്യമായ സദ്യ വിളമ്പിയാണ് അദ്ദേഹം റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. 300-ഓളം പേര്‍ക്ക് വിഭവസമൃദ്ധമായ സദ്യ നല്‍കി. അരനൂറ്റാണ്ട് മുമ്പ് ഉപ്പ അബ്ദുഹാജി തുടങ്ങിയ ഹോട്ടലിന്റെ സാരഥ്യം പിന്നീട് ഇദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.