പട്ടാണിപ്പാറയില്‍ ബോംബ് കണ്ടെത്തിയ സംഭവം: പോലീസ് പരിശോധന നടത്തി


പേരാമ്പ്ര: കഴിഞ്ഞ ദിവസം സ്റ്റീല്‍ ബോംബ് കണ്ടെത്തിയ സാഹചര്യത്തില്‍ ചങ്ങരോത്ത് പഞ്ചായത്തിലെ പട്ടാണിപ്പാറ, കൂവ്വപ്പൊയില്‍ മേഖലയില്‍ ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡും പെരുവണ്ണാമൂഴി പോലീസും തിരച്ചില്‍ നടത്തി. പട്ടാണിപ്പാറ നവീന ഗ്രന്ഥാലയത്തിന് സമീപം റോഡരികിലെ ചാലിലാണ് വ്യാഴാഴ്ച വൈകീട്ട് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികള്‍ കാടുവെട്ടുന്നതിനിടയിലാണ് കണ്ടത്. ഇതിന് സമീപ ഭാഗങ്ങളിലെല്ലാം പോലീസ് പരിശോധന നടത്തിയെങ്കിലും കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ ഒന്നും കണ്ടെത്താനിയിട്ടില്ല. പെരുവണ്ണാമൂഴി പോലീസ് ഇന്‍സ്പക്ടര്‍ ഇ. അനൂപ് കുമാര്‍, എസ്.ഐ. പി.വി. പ്രശോഭ്, എ.എസ്.ഐ. കെ. പ്രദീപന്‍, സി.പി.ഒ. പി.പി. സനല്‍, ടി.ടി. ജയകൃഷ്ണന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വംനല്‍കി.