പടത്തുകടവ് തിരുക്കുടുംബ പള്ളി പെരുന്നാളിന് തുടക്കമായി
പേരാമ്പ്ര: പടത്തുകടവ് തിരുക്കുടുംബ ദേവാലയ തിരുനാളിനും പ്ലാറ്റിനം ജൂബിലി സമാപന ആഘോഷത്തിനും തുടക്കമായി. ജൂബിലികള്‍ തിരുത്തലിനുള്ള അവസരങ്ങളായി പ്രയോജനപ്പെടുത്തണമെന്ന് ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. പടത്തുകടവ് ഹോളി ഫാമിലി ഇടവകയുടെ പ്ലാറ്റിനം ജൂബിലിയുടെ ഒരു വര്‍ഷം നീണ്ട ആഘോഷങ്ങളുടെ സമാപനത്തില്‍ ക്യതജ്ഞതാബലി അര്‍പ്പിച്ചു വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികളെ അതിജീവിക്കാന്‍ വിശ്വാസത്തിലധിഷ്ഠിത ജീവിതം അനിവാര്യമാണ്. വൈദീകര്‍ ഉള്‍പ്പടെ അനേകം പൂര്‍വ്വികരുടെ ത്യാഗവും വിശ്വാസവും ആത്മാര്പ്പണവുമാണു കുടിയേറ്റ പ്രദേശങ്ങളുടെ ഉയര്‍ച്ചക്കു അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു.
മാര്‍ ഇഞ്ചനാനിയല്‍ ദേവാലയത്തില്‍ തിരി തെളിയിച്ചു കൊണ്ടാണ് ജൂബിലിയുടേയും വി.യൗസേപ്പ് പിതാവിവിന്റെ വര്‍ഷ സമാപന ആഘോഷ ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്നു ഇടവക തിരുനാളിനു തുടക്കമിട്ടു അദ്ദേഹം കൊടി ഉയത്തി. തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. ജോര്‍ജ് മണിയമ്പ്രായില്‍ (സി.എം.ഐ), ഫാ.വര്‍ക്കി തെങ്ങനാക്കുന്നേല്‍, ഇടവക വികാരി ഫാ.അരുണ്‍ വടക്കേല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
പരിപാടിയുടെ ഭാഗമായി നടന്ന യോഗത്തില്‍ വിവാഹ, സമര്‍പ്പിത ജൂബിലി ആഘോഷിച്ചവരെയും സഭയുടെ വിവിധ തലങ്ങളില്‍ സേവനം അനുഷ്ഠിച്ച അല്മായ പ്രമുഖരേയും വിവിധ മത്സര വിജയികളെയും ബിഷപ്പ് ആദരിച്ചു. മരുതോങ്കര സെന്റ് മേരീസ് ഫൊറോനാ വികാരി ഫാ. ജോര്‍ജ് കളത്തൂര്‍, ആരാധന സഭ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആനീസ് കുംബ്ലന്താനം, പടത്തുകടവ് ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളി വികാരി ഫാ. റീജന്‍, ഫാ. അരുണ്‍ വടക്കേല്‍, തോമസ് ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. സ്നേഹ വിരുന്നുമുണ്ടായിരുന്നു.
ട്രസ്റ്റിമാരായ ജെയിസന് തേവര്‍കോട്ടയില്‍, ജോണ്സണ് മണിയമ്പ്രായില്‍, ബാബു കല്ലുറുമ്പില്‍, പ്രകാശ് കോലഞ്ചേരി, പാരീഷ് സെക്രട്ടറി അബ്രഹാം മാടപ്പാട്ട് എന്നിവര്‍ നേതൃത്വം നല്കി.
27-ന് അഞ്ചിന് ഇടവകയിലെ മുന്‍ വികാരിമാരും ഇടവകയില്‍നിന്നുള്ള വൈദികരും കാര്‍മികരായി ആഘോഷമായ കുര്ബാനനടക്കും. വൈദികരെയും സന്യസ്തരെയും ആദരിക്കും. 28-ന് രാവിലെ 6.45-ന് തിരുസ്വരൂപപ്രതിഷ്ഠ, കുര്‍ബാന, വൈകീട്ട് അഞ്ചിന് ഫൊറോനയിലെ വൈദികര്‍ കാര്‍മികരായി ആഘോഷമായ തിരുനാള്‍ കുര്‍ബാന, ലദീഞ്ഞ്, പ്രദക്ഷിണം, ആശീര്‍വാദം എന്നിവയുണ്ടാകും. 29-ന് അഞ്ചിന് പരേതരെ അനുസ്മരിച്ച് കുര്‍ബാനയും നടക്കും.