പച്ചനിറം പോയി, കൊയിലാണ്ടിയിലെ കടല്‍ സാധാരണനിലയിലായി; തീരത്തുനിന്നും പിടിക്കുന്ന മീന്‍ കഴിക്കുന്നതില്‍ ഇനി ആശങ്കവേണ്ടെന്ന് വിദഗ്ധര്‍; മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം (വീഡിയോ കാണാം)


കൊയിലാണ്ടി: കൊല്ലം പാറപ്പള്ളി മുതല്‍ പയ്യോളി വരെയുള്ള തീരപ്രദേശങ്ങളില്‍ നിന്നും പിടിക്കുന്ന മീനുകള്‍ കഴിക്കുന്നതില്‍ ഇനി ആശങ്കവേണ്ടെന്ന് വിദഗ്ധര്‍. ഈ പ്രദേശത്ത് കടലിനുണ്ടായിരുന്ന പച്ചനിറം മാറിയതിനാല്‍ ഇനി ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോഴിക്കോട്ടെ റീജ്യനല്‍ സ്‌റ്റേഷനിലെ ഗവേഷക ഡോ. മിനു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

നേരത്തെ തീരത്തോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലെ കടല്‍ പച്ചനിറമായതിനു പിന്നാലെ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു. ചത്തുപൊങ്ങിയ മീനുകളെയും പച്ചനിറമുള്ള ഭാഗങ്ങളില്‍ നിന്നും പിടിച്ച മീനുകളും കഴിക്കരുതെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ ശനിയാഴ്ചയോടെ കടല്‍ പൂര്‍ണമായും സാധാരണ നിറത്തില്‍ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവിടെ നിന്നും മീന്‍ പിടിക്കുന്നതിലോ കഴിക്കുന്നതിലോ ആശങ്കവേണ്ടെന്ന് അവര്‍ അറിയിച്ചത്.

ഡോ. മിനുവിന്റെ നേതൃത്വത്തിലുള്ള സംഘം കൊയിലാണ്ടിയിലെത്തി കടല്‍വെള്ളം പരിശോധിച്ചിരുന്നു. ഗ്രീന്‍ നൊക്റ്റിലൂക്ക എന്ന സൂക്ഷ്മജീവിയാണ് പച്ചനിറത്തിന് കാരണമെന്ന് ഇവര്‍ കണ്ടെത്തിയിരുന്നു. പ്രദേശത്ത് മീനുകള്‍ ചത്തൊടുങ്ങാന്‍ കാരണവും ഈ സൂക്ഷ്മജീവിയായിരുന്നു. ഈ ജീവി വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കുറയാന്‍ കാരണമാകുകയും അതുവഴി മീനുകള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുകയും ചെയ്യും. കൂടാതെ ഇത് മീനിന്റെ ചെകിളയില്‍ കയറി മീനുകള്‍ക്ക് ശ്വാസമെടുക്കാന്‍ പറ്റാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്യും.

ബുധനാഴ്ച രാവിലെയാണ് കൊല്ലം പാറപ്പള്ളി മുതല്‍ പയ്യോളി വരെയുള്ള ഭാഗങ്ങളില്‍ കടലിന് കടുംപച്ചനിറം കാണപ്പെട്ടത്. കുഴമ്പുരൂപത്തിലുള്ള വെള്ളമായിരുന്നു. തീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും മത്സ്യബന്ധനം നടത്തുന്നവരോട് മീന്‍ വാങ്ങിക്കാന്‍ ആളുകള്‍ മടി കാണിച്ചതോടെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ തന്നെ ആശങ്കയിലായി. ഈ മീന്‍ കഴിക്കരുതെന്ന നിര്‍ദേശം വന്നതോടെ ഇവര്‍ ആകെ പ്രതിസന്ധിയിലായിരുന്നു. വിദഗ്ധരുടെ പുതിയ നിര്‍ദേശം മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാണ്.

വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.