പച്ചതേങ്ങ കയറ്റുമതി; കൊപ്രയ്ക്കും വെളിച്ചെണ്ണക്കും വില കയറും


കോഴിക്കോട്: കൊപ്രയ്ക്കും വെളിച്ചെണ്ണക്കും വിപണിയില്‍ വില വർധിക്കുന്നു. പച്ചത്തേങ്ങ വ്യാപകമായി തമിഴ്നാട്ടിലേക്ക് കയറ്റിപോകാൻ തുടങ്ങിയതോടെ കൊപ്ര വരവ് കുറഞ്ഞു എന്നതാണ് വിലക്കയറ്റത്തിന് കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.

ഒരു കിലോ പച്ചത്തേങ്ങക്ക് 45 മുതല്‍ 50 രൂപ വരെ കര്‍ഷകന് ലഭിക്കുമെന്നതിനാല്‍ പ്രാദേശികമായി നാളികേരം വില്‍ക്കാന്‍ മടിക്കുകയാണ്. കോഴിക്കോട് വലിയങ്ങാടിയിലെ കൊപ്രശാലകളില്‍ 14,000 രൂപയാണ് ബുധനാഴ്ച ക്വിന്റലിന് വില.

വെളിച്ചെണ്ണക്ക് 21,300 രൂപയും. 220 രൂപ വരെയാണ് ചില്ലറവില്‍പ്പന ശാലകളില്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ വില. മുമ്പ് പച്ചത്തേങ്ങ ഉണക്കി കൊപ്രയാക്കിയാണ് കര്‍ഷകര്‍ വലിയങ്ങാടിയടക്കമുള്ള മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ എത്തിച്ചിരുന്നത്.

കുറച്ചുകാലമായി തമിഴ്നാടടക്കം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ നേരിട്ട് തേങ്ങ സംഭരിക്കുകയാണ്. കുറഞ്ഞ ചെലവില്‍ കൊപ്രയുല്‍പ്പാദന സൗകര്യം തമിഴ്നാട്ടിലുണ്ട്. ഇവിടുത്തെ തേങ്ങ ഗുണനിലവാരമുള്ളതാണെന്നതും തമിഴ്നാട് വ്യാപാരികളെ ആകര്‍ഷിക്കുന്നു.