പകരം വെക്കാനില്ലാത്ത രണ്ടക്ഷരം ‘അമ്മ’


 

മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം
ചുണ്ടിന്മേല്‍ അമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലെയോ
സമ്മേളിച്ചീടുന്നതൊന്നാമതായ്….

– വള്ളത്തോള്‍ നാരായണമേനോന്‍

അമ്മ എന്ന രണ്ടക്ഷരമാണ് ഒരു വ്യക്തിയെ പൂര്‍ണനാക്കുന്നത്. വൃദ്ധസദനത്തിന്റെ ഇരുണ്ട മുറിക്കുള്ളിലിരുന്ന് ഓരോ അമ്മയും കണ്ണീരോടെ ഓര്‍ക്കുന്നത്..മക്കളെ കുറിച്ച് തന്നെയാണ്. ഒരിക്കല്‍ പോലും കുറ്റപ്പെടുത്താതെ ആ മനസ്സ് എന്നും കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്തു കൊണ്ടേയിരിക്കും. ഈ ലോകം മുഴുവന്‍ തിരിച്ചറിയണം. അമ്മയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

അമ്മയുടെ സ്‌നേഹവും കരുതലും ലോകം നന്ദിയോടെ ഓര്‍ക്കുന്ന ദിനം. ലോകത്തെങ്ങുമുള്ള സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മമാര്‍ക്ക് വേണ്ടിയാണ് അന്താരാഷ്ട്ര മാതൃദിനം ലോകം ആഘോഷിക്കുന്നത്. മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് മാതൃദിനമായി ആചരിക്കുന്നത്. അമേരിക്കയിലാണ് മാതൃദിനത്തിന്റെ തുടക്കം. പുരാതന ഗ്രീസ് ജനതയാണ് ഈ ആഘോഷം തുടങ്ങിവെച്ചതെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇത് കൈമാറിയതാണെന്നും പറയപ്പെടുന്നു. അമ്മമാര്‍ കുടുംബത്തിനായി നല്‍കുന്ന ത്യാഗങ്ങളെ ഓര്‍മ്മിക്കുക കൂടിയാണ് ഈ ദിനം.

ജീവിതയാത്രയില്‍ ഒരു മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഉച്ചരിക്കുന്ന വാക്ക് ‘അമ്മ’. വീഴുമ്പോള്‍ കൈപിടിച്ച് നടത്തിയും തളരുമ്പോള്‍ തോളോട് ചായ്ച്ചും എന്നും കരുതലായി ഒപ്പമുള്ള അമ്മയ്ക്കായി ഈ ദിനം മാറ്റി വയ്ക്കാം. സ്‌നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ ലോകമെമ്പാടുമുള്ള എല്ലാ അമ്മമാരേയും ഈ മാതൃദിനത്തില്‍ സ്‌നേഹ പൂര്‍വ്വം നമുക്ക് ഓര്‍ക്കാം, ആദരിക്കാം. കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്റെ എല്ലാ വായനക്കാര്‍ക്കും മാതൃദിനാശംസകള്‍.