നോര്‍ക്ക പ്രവാസി തണല്‍: മരണപ്പെട്ട പ്രവാസികളുടെ പെൺമക്കൾക്ക് 25,000 രൂപ ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം


കോഴിക്കോട്: കോവിഡ് മൂലം വിദേശത്തോ സ്വദേശത്തോ മരണപ്പെട്ട പ്രവാസിയുടെ/മുന്‍ പ്രവാസിയുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് 25,000 രൂപ ഒറ്റത്തവണ സഹായം അനുവദിക്കുന്ന പ്രവാസി തണല്‍ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. www.norkaroots.org എന്ന നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവാസി തണല്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് new registration ഒപ്ഷനില്‍ ലോഗിന്‍ ചെയ്താണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

അപേക്ഷ ഓണ്‍ലൈന്‍ ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ. മരണപ്പെട്ട പ്രവാസിക്ക് അവിവാഹിതകളായ ഒന്നിലധികം പെണ്‍മക്കള്‍ ഉണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും 25,000 രൂപ വീതം ലഭിക്കും. 18 വയസിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് സ്ഥിരനിക്ഷേപമായും അതിന് മുകളിലുള്ളവര്‍ക്ക് ധനസഹായമായുമാണ് സഹായം അനുവദിക്കുന്നത്.

മരണപ്പെട്ട രക്ഷകര്‍ത്താവിന്റെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, വിസയുടെ പകര്‍പ്പ്, മരണസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, മരിച്ചയാള്‍ കോവിഡ് പോസിറ്റീവായിരുന്നുവെന്ന് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്/ലാബ് റിപ്പോർട്ട്, അപേക്ഷകയുടെ ആധാര്‍, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന റിലേഷന്‍ഷിപ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ്, 18 വയസിന് മുകളിലുള്ളവര്‍, അവിവാഹിതയാണെന്ന് തെളിയിക്കുന്ന വില്ലജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷിതാവിന്റെയോ പേരിലുള്ള സേവിങ്‌സ് ബാങ്ക് അക്കൗണ്ടിന്റെ പാസ് ബുക്കിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


രേഖകള്‍ പി.ഡി.എഫ്/ജെ.പി.ഇ.ജി ഫോര്‍മാറ്റില്‍ അപ്ലോഡ് ചെയ്യാവുന്നതാണ്
മരണപ്പെട്ട വ്യക്തിയുമായി ബന്ധം തെളിയുക്കന്നതിന് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്താല്‍ മതിയാവും. അത് ഇല്ലാത്തപക്ഷം റിലേഷന്‍ഷിപ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയേണ്ടതാണ്. ധനസഹായ വിതരണം സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലൂടെ മാത്രമാണ് നടത്തുക. ആക്ടീവല്ലാത്ത അക്കൗണ്ടോ, എന്‍.ആര്‍.ഐ അക്കൗണ്ടോ, ജോയിന്റ് അക്കൗണ്ടോ സമര്‍പ്പിക്കുന്നവര്‍ക്ക് ധനസഹായം ലഭ്യമാകാതെ വരും.

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എസ്.എം.എസ് മുഖാന്തിരം രജിസ്ട്രേഷന്‍ നമ്പര്‍ ലഭിക്കും. തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്ക് പ്രസ്തുത രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിക്കാവുന്നതാണ്.അപേക്ഷകയുടെ Login ID ഉപയോഗിച്ച് അപേക്ഷയുടെ സ്റ്റാറ്റസ് അറിയാന്‍ സാധിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ (1800 425 3939) ബന്ധപ്പെടാവുന്നതാണ്.

പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.