നൊച്ചാട് പഞ്ചായത്തില്‍ കൊവിഡ് വ്യാപനം; മൂന്ന് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍, പ്രതിരോധം ശക്തിപ്പെടുത്തി പഞ്ചായത്ത്


പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തില്‍ കൊവിഡ് വ്യാപനം. മൂന്ന് വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. പതിനഞ്ച്, പന്ത്രണ്ട്, രണ്ട് എന്നീ വാര്‍ഡുകളില്‍ ഡബ്ല്യു.ഐ.പി.അർ പ്രകാരം ഏഴ് ശതമാനത്തില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് വാർഡുകളെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട്, പതിനഞ്ച് വാര്‍ഡുകളായ നൊച്ചാട്, വാല്യങ്ങോട് പ്രദേശങ്ങളെ ഇന്നലെയാണ് കണ്ടെയ്ന്‍മെന്റ് സോണാക്കിയത്. മുളിയങ്ങൽ പ്രദേശം നേരത്തെ കണ്ടെയ്ന്‍മെന്റ് സോണായിരുന്നു.

നിലവില്‍ പഞ്ചായത്തില്‍ 235 കൊവിഡ് രോഗികളാണുള്ളത്. ഇതില്‍ പതിനാറ് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എട്ട് പേരെ സിഎഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. 211 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

പഞ്ചായത്ത് മേഖലയിലെ നിയന്ത്രണങ്ങള്‍ എന്തെല്ലാം

  • പഞ്ചായത്ത് പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. കണ്ടെയ്ന്‍മെന്റ് വാര്‍ഡുകളില്‍ കടകള്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.
  • വീട്ടില്‍ പനി, ചുമ എന്നീ ലക്ഷണങ്ങമുള്ളവര്‍ നിര്‍ബന്ധമായും കൊവിഡ് ടെസ്റ്റിന് വിധേയരാകേണ്ടതാണ്.
  • കൊവിഡ് ടെസ്റ്റ് കഴിഞ്ഞ് റിസള്‍ട്ട് വരുന്നത് വരെ ക്വാറന്‌റീനില്‍ കഴിയാന്‍ നിര്‍ദേശം.
  • പഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് നൊച്ചാട് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി വ്യക്തമാക്കി.