നേമത്ത് വടകര എം.പി കെ മുരളീധരൻ മത്സരിക്കും


കൊയിലാണ്ടി: വടകര പാർലമെണ്ട് അംഗം കെ.മുരളീധരനെ നേമത്ത് മത്സരിപ്പിക്കാൻ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമ അനുമതി നല്‍കിയതായി സൂചന. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്നുച്ചയ്ക്കുണ്ടാവും.

വട്ടിയൂർകാവ് എംഎൽഎ ആയിരുന്ന കെ.മുരളീധരനെ 2019 ൽ നടന്ന പാർലമെണ്ട് തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിപ്പിക്കുകയായിരുന്നു. വലിയ ഭൂരിപക്ഷത്തിനാണ് മുരളീധരൻ വടകരയിൽ വിജയിച്ചത്. മുരളീധരൻ രാജിവെച്ച ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വട്ടിയൂർകാവിൽ എൽഡിഎഫിലെ വി.കെ.പ്രശാന്താണ് വിജയിച്ചത്. ഇപ്പോൾ വീണ്ടും വടകര എംപിയായ മുരളീധരനോട് നേമത്ത് മത്സരിക്കാൻ ഹൈക്കമാന്റ് ആവശ്യപ്പെടുകയാണ്.

ആശയക്കുഴപ്പം നിലനിന്ന നേമം അടക്കം പത്ത് സീറ്റുകളില്‍ ഹൈക്കമാന്‍ഡ് സമവായത്തിലെത്തിയിട്ടുണ്ട്. കൊല്ലം, തൃപ്പൂണിത്തുറ നിയോജക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി ബിന്ദു കൃഷ്ണ, കെ.ബാബു എന്നിവരെ തന്നെ മത്സരിപ്പിക്കും. ഇരുവര്‍ക്കും ഔദ്യോഗിക അറിയിപ്പ് ലഭിച്ചെന്ന് നേതാക്കള്‍ അറിയിച്ചു. ഇരുവരും ഇന്ന് മുതല്‍ പ്രചാരണത്തിനിറങ്ങും.

ബിന്ദു കൃഷ്ണയേയും, കെ ബാബുവിനേയും മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം ഡിസിസി ഓഫീസിന് മുന്നില്‍ നാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. ബിന്ദു കൃഷ്ണയെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ തങ്ങള്‍ വോട്ട് ചെയ്യാനെത്തില്ലെന്നും രാജി വെക്കുമെന്നും നേതാക്കള്‍ ഭീഷണിയുണര്‍ത്തി. ഒടുവില്‍ തന്നെ പിന്തുണച്ചെത്തിയവര്‍ക്ക് മുന്നില്‍ ബിന്ദു കൃഷ്ണ പൊട്ടികരയുകയായിരുന്നു.