നെയ്യാറ്റിൻകരയിലെ തർക്കഭൂമി വിലയ്ക്ക് വാങ്ങി വ്യവസായി ബോബി ചെമ്മണ്ണൂർ


നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ തർക്കഭൂമി ഉടമയുടെ കയ്യിൽ നിന്നും വിലയ്ക്ക് വാങ്ങി വ്യവസായിയായ ബോബി ചെമ്മണ്ണൂർ. ഇന്ന് വൈകുന്നേരത്തോടെ ഭൂമിയുടെ രേഖകൾ രാജന്റെയും അമ്പിളിയുടെയും കുട്ടികൾക്ക് ബോബി ചെമ്മണ്ണൂർ കൈമാറും.

വാങ്ങിയ സ്ഥലത്ത് പുതിയ വീട് ബോബി ചെമ്മണ്ണൂർ നിർമ്മിച്ചു നൽകുമെന്നും, ഒപ്പം വീടിൻ്റെ പണി തീരുന്നത് വരെ കുട്ടികളുടെ സംരക്ഷണവും ബോബി ചെമ്മണ്ണൂർ ഏറ്റെടുക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

 

 

നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടത്തെ തർക്കഭൂമിയിൽ ഒഴിപ്പിക്കൽ നടപടിക്കിടെയാണ് രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച് തീകൊളുത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്.

സംഭവം നടന്നത് കഴിഞ്ഞ മാസം 22- നാണ്. മൂന്ന് സെന്റ് ഭൂമിയിൽ ഷെഡ് കെട്ടിയാണ് രാജനും ഭാര്യയും രണ്ട് ആൺ മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. രാജൻ ഭൂമി കൈയേയ്യേറിയെന്നാരോപിച്ച് അയൽവാസി വസന്ത മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ആറ് മാസം മുമ്പ് രാജനെതിരെ കോടതി വിധി പറഞ്ഞു. കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കാനായി പൊലീസ് വീട്ടിലെത്തിയപ്പോൾ കുടിയൊഴിപ്പിക്കല്‍ തടയാനായി രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. രാജന്‍ കത്തിച്ച ലൈറ്റര്‍ പൊലീസ് തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നു.