നൂറ്റഞ്ചിന്റെ ആവേശത്തിൽ ഗുരു പാടി; സ്നേഹാദരവുമായ് കോൺഗ്രസ്


കൊയിലാണ്ടി: നൂറ്റാണ്ടിന്റെ സർഗസപര്യയ്ക്ക് കോൺഗ്രസിന്റെ സ്നേഹാദരം. കഥകളിയാചാര്യനും നൃത്താധ്യാപകനുമായ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റിയുടെ പ്രതിഭാദരം പരിപാടിയുടെ ഭാഗമായി ആദരിച്ചു. സെക്രട്ടറി പി.വി.മോഹനന്റെ നേതൃത്വത്തിലുള്ള പ്രതിനിധികൾ വസതിയിലെത്തിയാണ് ഗുരുവിനെ ആദരിച്ചത്.

പി.വി.മോഹനൻ അദ്ദേഹത്തെ പൊന്നാടയണിച്ച് ഉപഹാരം സമർപ്പിച്ചപ്പോൾ നൂറ്റിയഞ്ചാം വയസിന്റെ ചെറുപ്പത്തോടെ അദ്ദേഹം ഓർമ്മകൾ പങ്കിട്ടു. ദേശീയ പ്രസ്ഥാനകാലത്ത് ഗാന്ധിജി ആഹ്വാനം ചെയ്ത ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി കെ.കേളപ്പന്റെ നേതൃത്വത്തിൽ കേരളത്തിൽ നടന്ന സമരത്തിൽ അന്ന് യുവാവായിരുന്ന താൻ പങ്കെടുത്തതിന്റെ ഓർമ്മകൾ അയവിറക്കി. പ്രക്ഷോഭ കാലത്ത് ആലപിച്ച “വരിക വരിക സഹജരേ “.. എന്ന സമരഗാനം ഗുരു ആലപിച്ചപ്പോൾ കേട്ടു നിന്നവർക്ക് വിസ്മയം.

ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ മാസ്റ്റർ, കെ.പി.സി.സി സെക്രട്ടറി വി.ബാബുരാജ്, പ്രതിഭാദരം സംസ്ഥാന കോഡിനേറ്റർ എം.എ.ഷഹനാസ്, ഡി.സി.സി സെക്രട്ടറി രാജേഷ് കീഴരിയൂർ, പി.കെ.അരവിന്ദൻ മാസ്റ്റർ, പി.അബ്ദുൾ ഷുക്കൂർ, കെ.രമേശൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.