നൂറിന്റെ നിറവില്‍ ജി.വി.എച്ച്.എസ്.എസ് കായണ്ണ; പരീക്ഷ എഴുതിയ 51 കുട്ടികളില്‍ 51 പേര്‍ക്കും മിന്നുന്ന വിജയം
പേരാമ്പ്ര: നൂറിന്റെ നിറവില്‍ ജി.വി.എച്ച്.എസ്.എസ് കായണ്ണ. ഇന്ന് വൈകീട്ട് എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പുറത്തു വന്നപ്പോള്‍ മൂറ് ശതമാനം വിജയമാണ് സ്കൂള്‍ കൈവരിച്ചത്.
ആകെ 51 കുട്ടികളാണ് ഈ അധ്യയന വര്‍ഷം കായണ്ണ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. ഈ 51 പേരും തിളങ്ങുന്ന വിജയം നേടിയാണ് ഉപരിപഠനത്തിന് പോകാനൊരുങ്ങുന്നത്. ഇവരില്‍ ഒരാള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസും ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ 99.26 ശതമാനം വിജയമാണ് വിദ്യാർത്ഥികൾ നേടിയത്. 99.47 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. 4,26,469 പേർ പരീക്ഷ എഴുതിയതിൽ 4,23,303 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 44,363 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കഴിഞ്ഞ തവണ ഇത് 1,25,509 ആയിരുന്നു.
ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ ജില്ല കണ്ണൂരാണ്. വിജയ ശതമാനം ഏറ്റവും കുറവ് വയനാട്. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർഥികൾ മലപ്പുറം ജില്ലയിലാണ്.
ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടായിരുന്നില്ല. വൈകിട്ട് നാലു മുതൽ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം അറിയാം. 2961 പരീക്ഷാ കേന്ദ്രങ്ങളിലായി 4,26,469 വിദ്യാർഥികൾ പരീക്ഷ എഴുതി. ഇതിൽ 2,07,909 പേർ പെൺകുട്ടികളും 218560 ആൺകുട്ടികളുമാണുള്ളത്. 1,91,382 വിദ്യാർഥികൾ മലയാളം മീഡിയത്തിൽ പരീക്ഷ എഴുതി. എസ്എസ്എൽസി പ്രൈവറ്റ് വിഭാഗത്തിൽ 409 പേർ പരീക്ഷ എഴുതി. ഫോക്കസ് ഏരിയിൽനിന്ന് 30 ശതമാനവും പുറത്തുനിന്ന് 30 ശതമാനവും ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. 70 ക്യാംപുകളിലാണ് മൂല്യനിർണയം നടന്നത്. 9722 അധ്യാപകര്‍ മൂല്യനിർണയത്തിനുണ്ടായിരുന്നു.