‘നീ ഇല്ലാതെ അരി വേവില്ല’ പരമ്പരാഗത രീതിയില്‍ കുക്കറിനെ വിവാഹം കഴിച്ച് യുവാവ്; ബന്ധം നീണ്ടുനിന്നത് വെറും നാലുദിവസം
വിശ്വാസത്തിന്റെ ഭാഗമായും അല്ലാതെയും വാര്‍ത്തകളില്‍ ഇടംനേടാനുമൊക്കെയായി ആളുകള്‍ വിചിത്രമായ പല കാര്യങ്ങളും ചെയ്യാറുണ്ട്. കാരണമെന്തുതന്നെയായാലും ഈ കോവിഡ് കാലത്തും ആളുകളെ ചിരിപ്പിക്കാന്‍ ഇത്തരം രസകരമായ ചെയ്തികള്‍ക്ക് കഴിയാറുണ്ട്. അത്തരത്തിലൊന്നായിരുന്നു ഇന്തോനേഷ്യന്‍ കാരനായ ഖോറുല്‍ അനാമിന്റെ വിവാഹം.
ഒരു വിവാഹത്തിലെന്താ ഇത്ര ചിരിയ്ക്കാനുള്ള കാര്യമെന്നല്ലേ! കാര്യമുണ്ട്, ഖോറുല്‍ വിവാഹം കഴിച്ചത് ഒരു റൈസ് കുക്കറിനെയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് കുക്കറുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ ഖോറുല്‍ പങ്കുവെച്ചത്.
മൂന്നു കാരണങ്ങളാണ് കുക്കറിനെ വിവാഹം കഴിക്കാനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്- കുക്കര്‍ തനിക്കുവേണ്ടി ഭക്ഷണമുണ്ടാക്കി തരുന്നു, വെളുത്ത നിറമാണ്, അത് സംസാരിക്കില്ല. വെളുത്ത ഷെര്‍വാണിയണിഞ്ഞാണ് ഖോറുല്‍ വിവാഹത്തിനെത്തിയത്. കുക്കറിനെയും പരമ്പരാഗത രീതിയില്‍ അണിയിച്ചൊരുക്കി.
എന്നാല്‍ നാലുദിവസമേ ഈ ബന്ധം നീണ്ടുനിന്നുള്ളൂ. അത് ഭക്ഷണം പാകം ചെയ്യാന്‍ മാത്രമേ കഴിയൂവെന്ന് പറഞ്ഞുകൊണ്ടാണ് ഖോറുല്‍ വിവാഹമോചനം നടത്തിയത്.
ഇന്തോനേഷ്യയില്‍ ഏറെ അറിയപ്പെടുന്നയാളാണ് ഖോറുല്‍. സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്‌സിനെ രസിപ്പിക്കാന്‍ ഇതിനുമുമ്പും അദ്ദേഹം ഇത്തരം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.
Putih, pendiam, pintar memasak, idaman sekali ? pic.twitter.com/vih2KGkAuz
— RJ (@lagidirumah) September 23, 2021