നിർമ്മാണം പാതിവഴിയിൽ നിലച്ചു; അപകടം പതിവായ നടപ്പാതയിൽ നാട്ടുകാർ വേലികെട്ടി


ബാലുശ്ശേരി: അപകടം നിത്യസംഭവമായിമാറിയ ബാലുശ്ശേരി ടൗണിലെ നടപ്പാതയിൽ സാമൂഹിക പ്രവർത്തകർ വേലികെട്ടി. നിർമാണപ്രവൃത്തികൾ പാതിവഴിയിൽ നിലച്ച നടപ്പാതയിലാണ് സാമൂഹിക പ്രവർത്തകരായ ഭരതൻ പുത്തൂർവട്ടവും കുന്നോത്ത് മനോജും ചേർന്ന് വേലികെട്ടിയത്. നടപ്പാതയോട് ചേർന്ന ഓവുചാലിന്റെ കുഴിയിൽവീണ് കാൽനടയാത്രക്കാർക്ക് അപകടം സംഭവിക്കുക പതിവാണ്.

വൈകുണ്ഡംമുതൽ പോസ്റ്റാഫീസ് റോഡുവരെ ടൗൺ നവീകരണത്തിന് മൂന്നുകോടി രൂപ അനുവദിച്ചിരുന്നു. നവീകരണം ആരംഭിച്ചിട്ട് വർഷം രണ്ടുകഴിഞ്ഞെങ്കിലും പ്രവൃത്തി ഇനിയും പൂർത്തിയായിട്ടില്ല. ഓവുചാലിന്റെ നിർമാണം പൂർത്തീകരിച്ച് നടപ്പാതയിൽ ടൈൽ പാകി ഹാന്റ് റെയിൽ സ്ഥാപിക്കാനായിരുന്നു പദ്ധതി. എന്നാൽ, ഓവുചാലിന്റെ നിർമാണം എങ്ങുമെത്തിയിട്ടില്ല.

ടൗൺ നവീകരണവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ പലതവണ പൊതുമരാമത്ത് വകുപ്പ് ഓഫീസിനുമുന്നിൽ ധർണയും ഉപരോധവും നടത്തിയിരുന്നു. എന്നാൽ, പദ്ധതി ഇപ്പോഴും പാതിവഴിയിലാണ്. മഴ ശക്തമായാൽ മലിനജലം നടുറോഡിലൂടെയാണ് ഒഴുകുക.