നിര്‍മ്മാണ കമ്പനി സാമ്പത്തിക പ്രതിസന്ധിയില്‍; കോഴിക്കോട് ബൈപ്പാസ് ആറുവരിയാനുള്ള പദ്ധതി അനിശ്ചിതത്വത്തില്‍
കോഴിക്കോട്: ബൈപ്പാസ് ആറുവരിയാക്കല്‍ ഇനിയും വൈകും. സാമ്പത്തിക പാക്കേജുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിയ്ക്കാന്‍ 27 വരെ ഇന്‍കല്‍ സമയം ചോദിച്ചു. എല്‍.എന്‍.ടി. ഫിനാന്‍സാണ് വായ്പനല്‍കുന്നത്. കരാറെടുത്ത കെ.എം.സി. കണ്‍സ്ട്രക്ഷന്‍സ് സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ ഇന്‍കലിന് മാത്രമേ അവര്‍ വായ്പ നല്‍കുകയുള്ളു.
ഇന്‍കലും കെ.എം.സി.യും ചേര്‍ന്നുള്ള കാലിക്കറ്റ് എക്സ്പ്രസ് വേ എന്ന കമ്പനിക്കാണ് നിര്‍മാണച്ചുമതല. ഇതില്‍ ഇന്‍കലിന് 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. പക്ഷേ പദ്ധതിയില്‍ പങ്കാളിയായെങ്കിലും സാമ്പത്തിക ബാധ്യതവരുമോ എന്ന ആശങ്കയിലാണ് ഇന്‍കല്‍. റോഡ് നിര്‍മാണം മറ്റേതെങ്കിലും സ്വകാര്യകമ്പനിയ്ക്ക് ഉപകരാര്‍ നല്‍കാനാണ് ഇന്‍കല്‍ ആലോചിക്കുന്നത്.
കഴിഞ്ഞമാസം 27-ന് പ്രവൃത്തി തുടങ്ങുമെന്നായിരുന്നു ദേശീയപാത അതോറിറ്റി എം.കെ.രാഘവന്‍ എം.പി. യെ അറിയിച്ചിരുന്നത്. പക്ഷേ കരാര്‍ ഒപ്പിട്ടിരുന്നെങ്കിലും സാമ്പത്തിക പാക്കേജിന്പോലും അംഗീകാരമായിരുന്നില്ല. അത്കൂടെ കഴിഞ്ഞാലെ പ്രവൃത്തി ആരംഭിയ്ക്കാന്‍ കഴിയുകയുള്ളു.
മലപ്പുറം-കോഴിക്കോട് അതിര്‍ത്തിയായ രാമനാട്ടുകരയില്‍ ആരംഭിച്ച് കോഴിക്കോട് നഗരത്തില്‍ പ്രവേശിക്കാതെ കണ്ണൂര്‍ പാതയിലെ വെങ്ങളം വരെ നീളുന്ന കോഴിക്കോട് ബൈപ്പാസ് ആറ് വരി പാതയായി വികസിപ്പിക്കുന്നതാണ് പദ്ധതി. 28 കിലോമീറ്റര്‍ ദൂരം ആറ് വരിയാക്കാന്‍ 1710 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയത്.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക