നിരപ്പം കുന്നില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷം;പരാതി നല്‍കിയിട്ടും നടപടിയായില്ലെന്ന് ആക്ഷേപം
പേരാമ്പ്ര: മുയിപ്പോത്ത് നിരപ്പം കുന്നില്‍ സാമൂഹ്യ വിരുദ്ധശല്യം രൂക്ഷം. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കിയിട്ടും സര്‍വകക്ഷി യോഗം പ്രതിഷേധിച്ചിട്ടും നിരപ്പം കുന്നില്‍ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടിയായില്ലെന്ന് പരാതി ഉയര്‍ന്നു.
കഴിഞ്ഞ ജൂലൈ 11-നാണ് മുയിപ്പോത്ത് നിരപ്പം കുന്നില്‍ സ്‌റേഡിയത്തോടനുബന്ധിച്ചു ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് 10ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച ശൗചാലയം തകര്‍ക്കപ്പെട്ടത്. സംഭവം നടന്ന് രണ്ടാഴ്ചയോളമായിട്ടും കുറ്റവാളികളെ അറസ്റ്റു ചെയ്യാത്ത പൊലിസ് അനാസ്ഥക്കെതിരെയും പ്രതിഷേധം ശക്തമായി. രാത്രി കാലങ്ങളില്‍ ഇവിടെമദ്യവും മയക്കു മരുന്ന് ഉപയോഗവും കാരണം പൊറുതിമുട്ടിയിരിക്കയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മാത്രമല്ല തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെയും വിവിധ കായിക മത്സരങ്ങള്‍ നടക്കുന്ന നിരപ്പം സ്റ്റേഡിയത്തിലെ കായിക പ്രേമികളുടെ ചിരകാല ആവശ്യമായിരുന്നു ശൗചാലയം നിര്‍മ്മിക്കണമെന്നത്. ശൗചാലയത്തിന്റെ ടൈല്‍സ്, ജനല്‍, ടാങ്ക്, എന്നിവയെല്ലാം അടിച്ചു തകര്‍ത്തിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ അട്ടിമറിച്ചും ഇക്കൂട്ടര്‍ നാടിന് ഭീഷണിയായി മാറിയിരിക്കയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
മുയിപ്പോത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുത്ത സര്‍വ്വ കക്ഷി യോഗം ഐകകണ്‌ഠേന ശൗചാലയം തകര്‍ത്ത നടപടിയെ അപലപിച്ചു. കുറ്റക്കാരെ പൊതു മുതല്‍ നശിപ്പിക്കല്‍ നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.