നിരന്തരമായ സ്ഫോടനം, വീടുകൾ കുലുങ്ങുന്നു, ചീളുകൾ തെറിച്ച് വീഴുന്നു; വിറങ്ങലിച്ച് ഒരു ഗ്രാമം


കീഴരിയൂർ: കഴിഞ്ഞ ദിവസങ്ങളിൽ ക്വാറിയിലുണ്ടായ ഉഗ്രസ്ഫോടനങ്ങളിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കീഴരിയൂർ ആനപ്പാറ നിവാസികൾ. ഇന്നലെ ആനപ്പാറ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ ക്വാറിക്ക് സമീപമുള്ള ആറോളം വീടുകളിൽ പാറച്ചീളുകൾ തെറിച്ചു വീണത് നാട്ടുകാരിൽ ഭീതി പടർത്തി. നിരന്തരമായി ഉണ്ടാവുന്ന സ്ഫോടനത്തിൽ വീടുകളിൽ കുലുക്കം അനുഭവപെട്ടുവെന്നു പ്രാദേശവാസികൾ പറയുന്നു.

തുടർച്ചയായ സ്ഫോടനങ്ങളിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ ക്വാറിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. തുടർന്ന് നാട്ടുകാരും ആനപ്പാറ ആക്ഷൻ കമ്മിറ്റി അംഗങ്ങളും ചേർന്ന് ക്വറി അധികൃതരെ കാണുകയും ക്വാറിയുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

കഴിഞ്ഞ കുറച്ചു നാളുകളായി ക്വാറിയിൽ നടന്നു കൊണ്ടിരിക്കുന്ന സ്ഫോടനങ്ങൾ എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തിയാണെന്നും അതിന്റെ ഉഗ്രരൂപമാണ് ഇന്നലെ കണ്ടതെന്നും ആക്ഷൻ കമ്മിറ്റി പ്രവർത്തകൻ സുഗേഷ്.പി.എം ആരോപിച്ചു. മുൻപും ഇതുപോലുള്ള സ്ഫോടനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സമീപവാസിയായ അഭിൻ ദാസിന്റെ മുത്തശ്ശിയും കുഞ്ഞും ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപെട്ടതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ജില്ലകളക്ടർ ഇടപെട്ട് ക്വാറിയുടെ പ്രവർത്തനം നിർത്താൻ ഉത്തരവിടണമെന്നാണ് നാട്ടുകാർ പറയുന്നത്.