നിപ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിലെ നാല് വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം; ഒന്‍പതാം വാര്‍ഡ് പൂര്‍ണമായി അടച്ചു
കോഴിക്കോട്: ജില്ലയില്‍ 12 വയസുകാരന് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടിയുടെ സ്വദേശമായ മുന്നൂര്‍ ഉള്‍പ്പെട്ട ചാത്തമംഗലം പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണം. പഞ്ചായത്തിലെ നാലുവാര്‍ഡുകളില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതില്‍ ഒന്‍പതാം വാര്‍ഡ് പൂര്‍ണമായി അടയ്ക്കുകയും എട്ട്, പത്ത്, പന്ത്രണ്ട് വാര്‍ഡുകളില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.
ചാത്തമംഗലത്തേക്കുള്ള റോഡുകളില്‍ പൊലീസ് ഉപരോധം തീര്‍ത്തിട്ടുണ്ട്. മുന്നൂരില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ പ്രദേശവാസികള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. രോഗലക്ഷണമുള്ളവര്‍ ഉടന്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാനും നിര്‍ദേശിച്ചിട്ടുണ്ട്.
നിപ സ്ഥിരീകരിച്ച 12 വയസുകാരന്‍ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. കുട്ടിക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. പനി വിട്ടുമാറാത്തതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ കോഴിക്കോട് നിപബാധയുണ്ടായശേഷം ചര്‍ദ്ദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ചാല്‍ ഉടനെ നിപ വൈറസ് പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ സ്രവസാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
കുട്ടിയുടെ രക്ഷിതാക്കളും ചികിത്സിച്ച ഡോക്ടര്‍മാരും കുട്ടിയുമായി ഇടപഴകിയ അടുത്ത ബന്ധുക്കളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
2018 മെയ് മാസത്തിലാണ് കേരളത്തില്‍ ആദ്യമായി നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.