നിപ: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കലക്ടര്‍


കോഴിക്കോട്: നിപ രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ തേജ് ലോഹിത് റെഡ്ഡി.

സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള ആധികാരിക വിവരങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പത്രക്കുറിപ്പിലൂടെയും ജില്ലാ ഭരണകൂടത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയും Gok Direct, നമ്മുടെ കേരളം എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയും ലഭിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത തന്നെയാണ് നിപ- കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യം. വൈറസുകളെപ്പോലെ തന്നെ അപകടകാരികളാണ് ജനങ്ങളില്‍ ഭീതിയും പരിഭ്രാന്തിയും പരത്തുന്ന വ്യാജസന്ദേശങ്ങള്‍. അതിനാല്‍ ആധികാരിക വിവരങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ആരോഗ്യവകുപ്പിന്റെ അറിയിപ്പുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഔദ്യോഗിക വൃത്തങ്ങളെ മാത്രമേ ആശ്രയിക്കാവൂവെന്നും കലക്ടര്‍ നിര്‍ദേശിച്ചു.