നിപ വൈറസ് രോഗലക്ഷണം കണ്ടെത്തിയവരുടെ പരിശോധനാഫലം ഇന്നറിയാം



കോഴിക്കോട്: കോഴിക്കോട് നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവരുടെ പരിശോധനാഫലം ഇന്നറിയാം. പൂനെ വൈറോളജി ലാബിലേക്ക് അയച്ചവരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. രാവിലെ എട്ട് മണിക്ക് മാധ്യമങ്ങളെ കാണുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിസള്‍ട്ട് പുറത്തുവിടും.

നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 251 പേരാണുള്ളത്. ഇതില്‍ 32 പേരാണ് ഹൈ റിസ്‌ക്ക് ലിസ്റ്റിലുള്ളത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. പതിനൊന്ന് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ഞായറാഴ്ചയാണ് സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനാണ് നിപ ബാധിച്ച് മരിച്ചത്. കുട്ടിയെ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ അഞ്ചോളം ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ അധികവും ആരോഗ്യപ്രവര്‍ത്തകരാണ്.

കുട്ടിയുടെ വീടും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ച കേന്ദ്ര സംഘം സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. രോഗ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. നിപ വ്യാപനം തീവ്രമാകില്ലെന്നാണ് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോടിന് പുറമേ മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ അതീവ ജാഗ്രതയിലാണ്.