നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരന്റെ മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് സംസ്‌കരിച്ചു. പി.പി.ഇ കിറ്റ് ധരിച്ച ആരോഗ്യപ്രവര്‍ത്തകരാണ് സംസ്‌കാര ചടങ്ങുകള്‍ ചെയ്തത്. സംസ്‌കാരത്തിന് മുമ്പ് മയ്യത്ത് നമസ്‌കാരം നടത്തി.
ഇന്നലെ രാത്രിയാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്. പുലര്‍ച്ചയോടെ മരണം സംഭവിക്കുകയും ചെയ്തു. പനി വിട്ടുമാറാത്തതിനെ തുടര്‍ന്നായിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ കോഴിക്കോട് നിപബാധയുണ്ടായശേഷം ചര്‍ദ്ദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ചാല്‍ ഉടനെ നിപ വൈറസ് പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. ആദ്യം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. അതിന്റെ കാരണം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കുട്ടിയെ ചികിത്സയ്ക്കായി പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇന്നലെ നിപ സ്ഥിരീകരിച്ചത്.
വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ച കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൊലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ സ്ഥിരീകരിച്ച പഴൂര്‍ വാര്‍ഡ് ( വാര്‍ഡ് 9 ) അടച്ചു. സമീപ വാര്‍ഡുകളായ നായര്‍ക്കുഴി, കൂളിമാട്, പുതിയടം വാര്‍ഡുകള്‍ ഭാഗികമായി അടച്ചു.
പനി, ശര്‍ദ്ദി അടക്കമുള്ള ലക്ഷണമുള്ളവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 158 പേരാണ് കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 20 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. രണ്ടുപേര്‍ക്ക് രോഗലക്ഷണമുണ്ട്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മറ്റേയാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.