നിപ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാല അവധി


കോഴിക്കോട്: നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് സെന്ററുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നിര്‍ദേശം ബാധകമാണ്.

സെപ്തംബര്‍ 18മുതല്‍ ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താമെന്നും വിദ്യാര്‍ത്ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരുത്തരുതെന്നും കളക്ടര്‍ അറിയിച്ചു.

അങ്കണവാടികളും മദ്രസകളും പ്രവര്‍ത്തിക്കരുതെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.
പൊതു പരീക്ഷകള്‍ നിലവില്‍ മാറ്റമില്ലാതെ തുടരുന്നതാണ്. ജില്ലയിലെ പരീക്ഷകള്‍ മാറ്റിവെക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കളക്ടര്‍ അറിയിച്ചു. നേരത്തെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ മാസം 24 വരെ അവധി പ്രഖ്യാപിച്ചിരുന്നു.

അതേസമയം നിപ പരിശോധനയ്ക്ക് അയച്ച 11 സാമ്പിളുകള്‍ കൂടി നെഗറ്റീവായി എന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഹൈ റിസ്‌കില്‍പ്പെട്ടവരുടെ ഫലമാണ് പുറത്ത് വന്നത്. മറ്റ് ജില്ലകളിലുള്ള സമ്പര്‍ക്ക പട്ടികയിലെ ആളുകളുടെ സാമ്പിളുകളുടെ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജില്ലയില്‍ പുതിയ പോസ്റ്റീവ് കേസുകള്‍ ഇല്ലെന്നും ചികിത്സയിലുള്ള 9 വയസുകാരന്റെ നില മെച്ചപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. ആദ്യം മരിച്ച വ്യക്തി പോയ സ്ഥലങ്ങള്‍ കണ്ടെത്താന്‍ പോലീസ് സഹായത്തോടെ ശ്രമിക്കുന്നുണ്ട്. മരുതോങ്കര സ്വദേശിക്ക് രോഗ ലക്ഷണം ഉണ്ടായ ദിവസത്തിന് മുമ്പുള്ള ദിവസങ്ങളില്‍ അയാള്‍ പോയ സ്ഥലങ്ങള്‍ കൂടി കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.