നിപ; ആശ്വാസമായി പരിശോധനാ ഫലം, സമ്പര്‍ക്കപ്പട്ടികയിലെ 20 പേരുടെയും പരിശോധന ഫലം നെഗറ്റീവ്‌


കോഴിക്കോട്: നിപയില്‍ ആശ്വാസമായി പരിശോധനാ ഫലം. പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായി. പുണെയിൽ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി.

മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവിൽ 68 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ കഴിയുന്നത്. 42 ദിവസം നിരീക്ഷണം തുടരും ഇവരിൽ രോഗ ലക്ഷണങ്ങളുള്ള എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ജീവികളുടെ സാമ്പിൾ ശേഖരണം സംബന്ധിച്ച കാര്യത്തിൽ ഏകോപനം ഉറപ്പാക്കും. മൃഗസംരക്ഷണ വകുപ്പ് സ്ഥലത്ത് പിറ്റേന്ന് തന്നെ പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചിരുന്നു. ഭോപ്പാലിൽ നിന്നുള്ള എൻഐവി സംഘവും സംസ്ഥാനത്ത് എത്തും. വവ്വാലുകളിൽ നിന്ന് ഉൾപ്പെടെ സാമ്പിളുകൾ ശേഖരിക്കുമെന്നും മന്ത്രി അറിയിച്ചു. നിയന്ത്രണങ്ങൾ ഏത് രീതിയിൽ തുടരണമെന്നതിൽ തീരുമാനം ചർച്ചയ്ക്ക് ശേഷം മാത്രമാകും.