‘നിങ്ങളുടെ ആവേശത്തിനും കൈയ്യടികള്‍ക്കും ആര്‍പ്പുവിളികള്‍ക്കും ഇടയിലേക്ക് മരക്കാര്‍ ഡിസംബര്‍ രണ്ടിന് കടന്നു വരുന്നു’; സിനിമാ പ്രേമികള്‍ക്ക് ആവേശകരമായ വാര്‍ത്ത സ്ഥിരീകരിച്ച് ആന്റണി പെരുമ്പാവൂര്‍


കോഴിക്കോട്: മോഹലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആന്റണി ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തേ സാംസ്‌കാരിക വകുപ്പ് മന്ത്രി ഇക്കാര്യം അറിയിച്ചിരുന്നു.

നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധി ജി സുരേഷ്‌കുമാര്‍, തിയറ്റര്‍ ഉടമകളുടെ സംഘടന ഫയോക് പ്രസിഡന്റ് വിജയകുമാര്‍ എന്നിവരുമായി മന്ത്രി സജി ചെറിയാനും ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്.

ഉപാധികളില്ലാതെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. തിയറ്റര്‍ ഉടമകളില്‍ നിന്നും മിനിമം ഗ്യാരണ്ടി വേണമെന്ന ഉപാധി നിര്‍മാതാവ് വേണ്ടെന്ന് വച്ചതായും സര്‍ക്കാരിനും സിനിമാ വ്യവസായത്തിനും ഗുണകരമാണ് തീരുമാനമെന്നും സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ എല്ലാവരേയും ഒന്നിപ്പിച്ച് ചലച്ചിത്ര വ്യവസായത്തെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞിരുന്നു.

ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രിയപ്പെട്ടവരെ, നിങ്ങള്‍ ഓരോരുത്തരും കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ലാല്‍ സാറിന്റെയും പ്രിയദര്‍ശന്‍ സാറിന്റെയും ഒരു സ്വപ്നമായിരുന്നു ഈ ചിത്രം. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നമുക്ക് നേരിടേണ്ടി വന്ന കോവിഡ് എന്ന മഹാമാരി ആ സ്വപ്ന ചിത്രം വെള്ളിത്തിരയിലെത്തുന്ന ദിവസത്തെ ഒരുപാട് നീട്ടി കൊണ്ട് പോയി. അതിനു ശേഷവും ഈ ചിത്രം വെള്ളിത്തിരയില്‍, നിങ്ങളുടെ ഇടയില്‍ എത്തിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തി. ഒട്ടേറെ ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ഒരുക്കിയ ആ സ്വപ്ന ചിത്രം നിങ്ങളുടെ മുന്നിലേക്ക്, തീയേറ്ററുകളിലേക്കു തന്നെയെത്താന്‍ പോവുകയാണ്.

നിങ്ങളുടെ ആവേശത്തിനും കൈയ്യടികള്‍ക്കും ആര്‍പ്പുവിളികള്‍ക്കും ഇടയിലേക്ക്, മരക്കാര്‍ ഈ വരുന്ന ഡിസംബര്‍ രണ്ടാം തീയതി കടന്നു വരും. നിങ്ങളുടെ പ്രതീക്ഷകളെ സാധൂകരിക്കുന്ന, മലയാള സിനിമക്കും ഇന്ത്യന്‍ സിനിമക്കും അഭിമാനമാകുന്ന ഒരു ചിത്രമായി മരക്കാര്‍ മാറും എന്ന വിശ്വാസവും പ്രതീക്ഷയും പുലര്‍ത്തി കൊണ്ടാണ് ഈ തീരുമാനം.

ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ശ്രമത്തില്‍ ഒപ്പം നിന്ന ബഹുമാനപ്പെട്ട സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാന്‍ സര്‍, മോഹന്‍ലാല്‍ സര്‍, പ്രിയദര്‍ശന്‍ സര്‍, സുരേഷ് കുമാര്‍ സര്‍, ഒപ്പം ആശീര്‍വാദ് സിനിമാസുമായി എന്നും സഹകരിച്ചിട്ടുള്ള കേരളത്തിലെ തീയേറ്ററുകള്‍, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍ എന്നിവര്‍ക്കെല്ലാം ഈ അവസരത്തില്‍ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.

കുഞ്ഞാലി വരും..