നാളെ മുതല്‍ വീണ്ടും മഴ കനക്കും; കോഴിക്കോടുള്‍പ്പെടെ പതിനൊന്ന് ജില്ലകളില്‍ ബുധനാഴ്ച ഓറഞ്ച് അലര്‍ട്ട്


കോഴിക്കോട്: സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കാണ് സാധ്യത. വടക്കു കിഴക്കന്‍ കാറ്റിന്റെ ഫലമായാണ് മഴ ശക്തമാകുന്നത്.

നാളെ പതിനൊന്ന് ജില്ലകളിലും മറ്റെന്നാള്‍ 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട്. കാസര്‍കോട് ജില്ലയില്‍ നാളെ യെല്ലോ അലര്‍ട്ടും കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ മറ്റെന്നാള്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും തീവ്ര-അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു.