നാല് ജില്ലകള്‍ കൂടി ‘സി’ കാറ്റഗറിയില്‍; പൊതുപരിപാടികള്‍ പാടില്ല, തിയേറ്റര്‍ ജിം തുടങ്ങിയ അടയ്ക്കും


തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണം കൂടുതല്‍ ജില്ലകളിലേക്ക്. നാല് ജില്ലകളെ കൂടി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെയാണ് സി കാറ്റഗറിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം.

തിരുവനന്തപുരം ജില്ലയെ നേരത്തെ തന്നെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അത് തുടരും. സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ ഒന്നും തന്നെ സി കാറ്റഗറിയില്‍ അനുവദിക്കില്ല.

മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. തുടങ്ങിയവയാണ് സി കാറ്റഗറിയിലെ നിയന്ത്രണങ്ങള്‍.

കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ജില്ലകളെ മൂന്ന് കാറ്റഗറിയായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.