നാദാപുരത്തെ വിദ്യാര്‍ത്ഥിയുടെ മരണം; മര്‍ദ്ദിക്കുന്ന വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു


കോഴിക്കോട്: നാദാപുരത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അബ്ദുല്‍ അസീസിന്റെ മരണത്തില്‍ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം. കൊലപാതക ദൃശ്യമെന്ന് സംശയിക്കുന്ന വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. അസീസിനെ ആക്രമിക്കുന്ന ദിവസം വീട്ടിലുണ്ടായിരുന്ന പിതാവടക്കമുള്ളവരെ റൂറല്‍ എസ്.പി നേരിട്ട് ചോദ്യം ചെയ്തു.

അബ്ദുല്‍ അസീസിന്റെ പിതാവിനേയും സഹോദരങ്ങളെയും ചോദ്യം ചെയ്തു. മര്‍ദ്ദിക്കുന്ന വീഡിയോ ചിത്രീകരിച്ച സഹോദരിയുടെ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. പോസ്റ്റുമാര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴികൂടി എടുത്തതിന് ശേഷമേ ആത്മഹത്യയാണോ കൊലപാതകമാണോയെന്ന നിഗമനത്തില്‍ എത്താന്‍ കഴിയുവെന്ന് എസ്.പി പറഞ്ഞു.


കോഴിക്കോട് നാദാപുരത്ത് നരിക്കാട്ടേരി സ്വദേശി കറ്റാരത്ത് അസീസിനെ 2020 മെയ് 17ന് വീട്ടിനകത്ത് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണം നടന്ന് ഒരു വര്‍ഷമാകാറായപ്പോഴാണ് സഹോദരന്‍ സഫ്‌വാന്‍ അസീസിന്റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്നാണ് ഇപ്പോള്‍ കേസില്‍ തുടരന്വേഷണം നടത്തുന്നത്. ഫാനില്‍ ഒരു ലുങ്കിയില്‍ തൂങ്ങി മരിച്ച നിലയിലാണ് അസീസിനെ കണ്ടെത്തിയത്.