നാദാപുരം പാറക്കടവില്‍ ഇരുമ്പ് കടയില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം


നാദാപുരം: പാറക്കടവില്‍ ഇരുമ്പ് കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. പാറക്കടവ്-കല്ലിക്കണ്ടി റോഡിലെ വെല്‍ക്കം ട്രേഡേഴ്‌സിലാണ് തീപിടിത്തം ഉണ്ടായത്. കല്ലിക്കണ്ടി സ്വദേശി അനിലിന്റെ കടയാണ് ഇത്.

കടയില്‍ ഇരുമ്പ് പൈപ്പ് മെഷീന്‍ ഉപയോഗിച്ച് മുറിക്കുന്നതിനിടെ ഉണ്ടായ തീപ്പൊരിയില്‍ നിന്നാണ് തീപിടിത്തം ഉണ്ടായത്. സമീപത്തെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ടിന്നറിലേക്കും പെയിന്റ് ശേഖരത്തിലേക്കും പെട്ടന്ന് തീ പടരുകയും ആളി കത്തുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ വെള്ളം ഉപയോഗിച്ച് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടന്‍ അഗ്‌നിശമന സേനയെ വിവരം അറിയിച്ചു.

ചേലക്കാട് നിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് ആണ് തീ അണച്ചത്. കടയില്‍ ഉണ്ടായിരുന്ന പെയിന്റുകളും, ടിന്നറും, പി.വി.സി പാത്തികളും, മേല്‍ക്കുരയ്ക്ക് ഉപയോഗിക്കുന്ന അലൂമിനിയം ഷീറ്റുകളും ഉള്‍പ്പെടെ രണ്ടേ മുക്കാല്‍ ലക്ഷം രൂപയുടെ സാധനങ്ങള്‍ കത്തി നശിച്ചതായി കട ഉടമ പറഞ്ഞു. വളയം എസ്.ഐ അനീഷ് വടക്കേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി പരിശോധിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.