നാട്ടുകാർ തുനിഞ്ഞിറങ്ങി; മുണ്ട്യാടിത്താഴത്തോട് ഇനി തെളിഞ്ഞൊഴുകും


കൊയിലാണ്ടി: മാലിന്യങ്ങൾ നീക്കം ചെയ്ത് തോടിനെ വീണ്ടെടുത്ത് മുണ്ട്യാടിത്താഴെയിലെ എ.ഡി.എസ് പ്രവർത്തകരും നാട്ടുകാരും. കൊയിലാണ്ടി നഗരസഭയിലെ നാലാം വാർഡിലെ മുണ്ട്യാടിത്താഴെ തോടാണ് ജനകീയ കൂട്ടായ്മയിലൂടെ വീണ്ടെടുത്തത്.

മൂടാടി പഞ്ചായത്തിൽ നിന്നും ആരംഭിച്ച് നഗരസഭയിലെ 3, 4 വാർഡുകളിലൂടെ ഒഴുകി നെല്ല്യാടി പുഴയിൽ പതിക്കുന്ന തോട് പായലുകളും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും ഒഴുകിയെത്തി മലിനമായി തീർന്നിരിക്കയായിരുന്നു. ഈ തോടിന്റെ കോളോത്ത് താഴെ ഭാഗത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങളും പായലുകളും നാലാം വാർഡ് എ.ഡി.എസ്സിനു കീഴിൽ തൊഴിലുപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി അംഗങ്ങളും നാട്ടുകാരും ചേർന്ന് വൃത്തിയാക്കി.

പ്രവൃത്തിയുടെ ഉദ്ഘാടനം എ.ഡി.എസ് ചെയർ പേഴ്സൺ ശ്രീജിഷയുടെ അധ്യക്ഷതയിൽ കൊയിലാണ്ടി നഗരസഭ നാലാം വാർഡ് കൗൺസിലർ രമേശൻ വലിയാട്ടിൽ നിർവഹിച്ചു. ബാവ കൊന്നേങ്കണ്ടി ആശംസകൾ നേർന്നു. സജിത സ്വാഗതം പറഞ്ഞു. പല പ്രദേശങ്ങളിലും തോടുകളും ഇടത്തോടുകളും മാലിന്യങ്ങൾ നിറഞ്ഞ് ഒഴുക്ക് നിലച്ചത് മഴക്കാല ദുരിതങ്ങൾക്ക് കാരണമാവാൻ സാധ്യതയുണ്ട്.