നാടിന്റെ കരുതലിൽ ചികിത്സയൊരുങ്ങുന്നതറിയാതെ, പതിനെട്ടുകോടിയുടെ കാരുണ്യത്തിന് കാത്തുനിൽക്കാതെ; കുഞ്ഞു ഇമ്രാൻ യാത്രയായി


കോഴിക്കോട്: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) എന്ന അപൂർവ രോഗം ബാധിച്ച് ചികിത്സയിലിരുന്ന പെരിന്തൽമണ്ണയിലെ ആറുമാസം പ്രായമായ ഇമ്രാൻ മുഹമ്മദ് മരണത്തിന് കീഴടങ്ങി. ചൊവ്വാഴ്‌ച രാത്രി 11.30 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

നാടിന്റെ കരുതലിൽ ചികിത്സയൊരുങ്ങുന്നത് അറിയാതെ, 18 കോടിയുടെ മരുന്നിന് കാത്തുനിൽക്കാതെയാണ് കുഞ്ഞു ഇമ്രാൻ യാത്രയായത്. മരിക്കുന്നതിന്‌ മണിക്കൂറുകൾക്കുമുമ്പുവരെ 16.16 കോടി രൂപ ചികിത്സാ സഹായനിധിയിലേക്കെത്തിയിരുന്നു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഏറാന്തോട് മദ്രസപ്പടിയിലെ കുളങ്ങരപറമ്പിൽ ആരിഫിന്റെയും റമീസ് തസ്നിയുടെയും മൂന്നാമത്തെ കുട്ടിയാണ്‌ ഇമ്രാൻ.

ശരീരത്തിന്റെ ചലനശേഷി നശിക്കുന്ന അപൂർവ ജനിതകരോഗമായിരുന്നു. ജീവിതത്തിലേക്ക് പിച്ചവയ്ക്കാൻ അമേരിക്കയിൽനിന്ന്‌ മരുന്ന്‌ എത്തിക്കുന്നതിന്‌ 18 കോടി രൂപയായിരുന്നു ആവശ്യം. ഒന്നരവർഷം മുമ്പ്‌ ഇമ്രാന്റെ 72 ദിവസം പ്രായമായ സഹോദരിയും സമാന രോഗംബാധിച്ച്‌ മരിച്ചിരുന്നു. അഞ്ചുവയസുകാരി നദിയ മറ്റൊരു സഹോദരിയാണ്.