നാടിനെ കണ്ണീരിലാഴ്ത്തി നായിക് സുബെദാര്‍ എം. ശ്രീജിത്തിന്റെ വേര്‍പാട്; കാശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊയിലാണ്ടിക്ക് നഷ്ടമായത് ധീര സൈനികനെ
ശ്രീനഗർ: കൊയിലാണ്ടി സ്വദേശി നായിക് സുബെദാർ എം.ശ്രീജിത്ത് വീര മൃത്യുവരിച്ചത് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ. ജമ്മുകശ്മീരിലെ രജൗരി ജില്ലയിൽ ഭീകരരുമായുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ ശ്രീജിത്തടക്കം രണ്ട് സൈനികരാണ് വീരമൃത്യു വരിച്ചത്. നായിക് സുബെദാർ ശ്രീജിത്തിനും ആന്ധ്രാപ്രദേശ് സ്വദേശി സിപായി എം ജസ്വന്ത് റെഡ്ഡിക്കും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വെടിയേൽക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.
വ്യാഴാഴ്ച രാത്രിയോടെ നിയന്ത്രണ രേഖയ്ക്ക് സമീപം സുന്ദർബനി സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടയുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ.
ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരരിൽ നിന്ന് എകെ 47 തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. കൂടുതൽ ഭീകരർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
ചേമഞ്ചേരി പൂക്കാട് മാക്കാട് വല്‍സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ; ഷജിന. മക്കള്‍: അതുല്‍ജിത്ത്, തന്മയ ലക്ഷ്മി. സഹോദരങ്ങള്‍ : റാണി, അനൂപ്. ചേമഞ്ചേരി പൂക്കാട് പുതുതായി വീട് നിര്‍മ്മിച്ച് താമസിച്ചു വരികയാണ്. മാര്‍ച്ച് ആദ്യവാരം നാട്ടില്‍ വന്നിരുന്നു.