‘നാടാകെ സുരക്ഷ’; കൊയിലാണ്ടിയിലെ കോവിഡ് പ്രതിരോധത്തിൽ മുന്നണിപ്പോരാളികളായി സുരക്ഷ പാലിയേറ്റിവ്


കൊയിലാണ്ടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൊയിലാണ്ടിയിലാകെ നിറസാന്നിധ്യമാകുകയാണ് സുരക്ഷ പാലിയേറ്റിവ്. കോവിഡ് രോഗികൾക്ക് സൗജന്യ വാഹന സൗകര്യം ഒരുക്കിയും, വീടുകൾ അണു നശീകരണം നടത്തിയും, ഭക്ഷണവും, മരുന്നുകളും എത്തിച്ചു നൽകിയും ആവശ്യക്കാരുടെ വിളിപ്പുറത്ത് സുരക്ഷയുടെ സന്നദ്ധ വളണ്ടിയർമാരുണ്ട്.

കീഴരിയൂർ പഞ്ചായത്തിൽ കോവിഡ് ബാധിതരെ സഹായിക്കുന്നതിനായി സുരക്ഷയുടെ അഞ്ച് വാഹനങ്ങൾ സൗജന്യ സർവ്വീസ് നടത്തുന്നു. വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം സുരക്ഷ പാലിയേറ്റിവ് കൊയിലാണ്ടി സോണൽ രക്ഷാധികാരി കെ.കെ.മുഹമ്മദ് നിർവ്വഹിച്ചു. സോണൽ ചെയർമാൻ കെ.ഷിജു മാസ്റ്റർ, സുരക്ഷ പഞ്ചായത്ത് കോർഡിനേറ്റർമാരായ പി.കെ.ബാബു, ജമാൽ എന്നിവർ പങ്കെടുത്തു.

കൊയിലാണ്ടി സെന്റർ മേഖലയിലെ പന്തലായനി ഈസ്റ്റ് സുരക്ഷ യുനിറ്റിന്. കേരള പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.അപ്പുക്കുട്ടി വീൽചെയർ, വാക്കർ എന്നിവ നൽകി. നഗരസഭാ ചെയർപേഴ്‌സൺ സുധ.കെ പി ഉപകരണങ്ങൾ ഏറ്റുവാങ്ങി. സുരക്ഷ യൂനിറ്റ് സെക്രട്ടറി വി.എം.അനൂപ്, പി.ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.

സുരക്ഷ പെരുവട്ടൂർ യൂനിറ്റിൻ്റെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി കൊതുക് ജന്യ രോഗങ്ങൾക്കെതിരെ വീടുകളിലും പൊതു സ്ഥലങ്ങളിലും മരുന്ന് തളിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം ചെയ്തു. സുരക്ഷ യൂണിറ്റ് ചെയർമാൻ പി.വി.സത്യൻ, എം.ജിജീഷ്, യു.കെ.അജേഷ്, ബഷീർ ഇയ്യഞ്ചേരി, വിപിൻ കുമാർ മണക്കാട്ടിൽ എന്നിവർ പങ്കെടുത്തു.

സുരക്ഷ കൊയിലാണ്ടി ബീച്ച് നോർത്ത് യൂണിറ്റിന് ഓക്സിമീറ്റർ സംഭാവന നൽകി. നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെസത്യൻ ഏറ്റുവാങ്ങി. യു.കെ.ചന്ദ്രൻ, ഷിജിത്ത്, ഇസ്മായിൽ, ഇസ്ഹാഖ്, യു.കെ.സുനിൽ എന്നിവർ പങ്കെടുത്തു.