നാടകത്തെ ജീവന് തുല്യം സ്‌നേഹിച്ച് ഇരിങ്ങത്ത് വിളയാട്ടൂര്‍ സ്വദേശി ശശീന്ദ്രൻ; വൈകിയെത്തിയ അംഗീകാരത്തിന് പത്തരമാറ്റിന്റെ തിളക്കം


സൂര്യഗായത്രി കാര്‍ത്തിക

നാടകത്തെ തന്റെ ജീവന് തുല്യം സ്നേഹിച്ച കലാകാരനാണ് ഇരിങ്ങത്ത് വിളയാട്ടൂര്‍ സ്വദേശി ശശീന്ദ്രന്‍. ചെറുപ്പം മുതല്‍ നാടകത്തെ ഒപ്പം കൂട്ടിയ ശശീന്ദ്രന്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി നാടകരംഗത്ത് സജീവ സാനിധ്യമാണ്. സംവിധായകനായും, നടനായും, ദീപവിതാനം, എഡിറ്റിംഗ് തുടങ്ങിയ എല്ലാ മേഖലകളിലും ശശീന്ദ്രന്‍ തന്റെ കയ്യൊപ്പ് ചാര്‍ത്താന്‍ മറന്നില്ല.

ഏറെ വൈകിയാണെങ്കിലും ശശീന്ദ്രന്റെ കഴിവിനുള്ള അംഗീകാരവുമെത്തി. സംസ്ഥാന നാടക മത്സരത്തില്‍ മികച്ച ദീപവിതാനത്തിനുള്ള അവാര്‍ഡാണ് ശശീന്ദ്രനെ തേടിയെത്തിയത്. അര്‍ഹതയ്ക്കുള്ള അംഗീകാരമായിരുന്നു ഇത്. ആധുനിക നാടകത്തിന്റെ ജീവനാഡിയായ ദീപ വിതാനത്തിലെ മാസ്മരിക പ്രകടനമാണ് ശശീന്ദ്രനെ പുരസ്‌കാരത്തിന്റെ നെറുകയിലെത്തിച്ചത്.

1990 ല്‍ മേപ്പയൂര്‍ ഹൈ സ്‌ക്കൂള്‍ കലോല്‍സവത്തില്‍ നടക മത്സരത്തില്‍ ശശീന്ദ്രന്‍ സംവിധാനം ചെയ്ത നാടകത്തിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. ഇതാണ് ശശീന്ദ്രന്റെ ജീവിതത്തെ യഥാര്‍ത്ഥത്തില്‍ മാറ്റി മറിച്ചത്. അന്ന് വിധികര്‍ത്താവായ രാജന്‍ തിരുവോത്ത് പ്രഫണല്‍ നാടത്തിലേക്ക് ക്ഷണിച്ചു. പേരാമ്പ്രയിലെ കോഴിക്കോട് കലാഭവനിലൂടെ ശശീന്ദ്രന്‍ പ്രഫഷണല്‍ നാടകത്തിലേക്കെത്തി. കഴിഞ്ഞ 30 വര്‍ഷമായി നാടകത്തിന്റെ വിവിധ ഭാഗങ്ങളിലുായി അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു.

സംവിധായകനായും, നാടക നടനായും, പാശ്ചാത്തല സംഗീത സംവിധാനം, മിക്സിംങ്ങ്, എഡിറ്റിംങ്, സംഗീ നിയന്ത്രണം ദീപസംവിധാനം ദീപവിതാനം (ദീപ നിയന്ത്രണം ) എന്നിവയിലെല്ലാം ശശീന്ദ്രന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സ്‌ക്കൂള്‍ തലത്തിലും കോളേജ് തലത്തിലും അദ്ദേഹം സംവിധാനം ചെയ്ത നാടകങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.

തഞ്ചാവുര്‍ യുണിവേഴ്സിറ്റിയിലെ രാമാനുജം മാഷ്, കെ.ടി മുഹമ്മദ്, ജോസ് ചിറമ്മല്‍, ജയന്‍ തിരുമന എന്നിവരാണ് നാടക ജീവിതത്തിലെ അദ്ദേഹത്തിന്റെ ഗുരുക്കന്മാര്‍. കെ.ടിയുടെ തീക്കനല്‍, രംഗഭാഷയുടെ കണ്ണകി, സഗീര്‍ത്തിയുടെ തീപ്പൊട്ടന്‍, വൈദ്യ ഗ്രാമം, നവരസ നായകന്‍ എന്നിവയാണ് പ്രധാന നാടകങ്ങള്‍.

സംഗീര്‍ത്തനയുടെ നവരസനായകന്‍, തീപ്പൊട്ടന്‍ എന്നീ നാടകങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചു. സംഗീര്‍ത്തനയുടെ പ്രശസ്ത നാടകമായ അരങ്ങിലെ അനാര്‍ക്കലി ആറ് സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കി. ഇന്ത്യയിലെ 20 ഓളം സംസ്ഥാനങ്ങളിലും ഈ നാടകം കളിച്ചു. അനാര്‍ക്കലില്‍ ദീപസംവിധാനം, ദീപ നിയന്ത്രണം, സംഗീത നിയന്ത്രണം എന്നിവ മൂന്നും ഒരേ സമയത്താണ് ശശീന്ദ്രന്‍ ചെയ്തത്.

തന്റെ നാടക ജീവിതത്തിനിടിയില്‍ നിരവധി അവാര്‍ഡുകളും ശശീന്ദ്രനെ തേടിയെത്തി. വേനലവധി എന്ന നാടകത്തിന് പടനിലത്ത് നടന്ന നാടക മല്‍സരത്തില്‍ മികച്ച സംഗീത ശബ്ദ നിയന്ത്രണത്തിനുള്ള അവാര്‍ഡ്, ഇതേ നാടകത്തിന് കോറസ്സ് മാണിയാട്ട് (പയ്യന്നുര്‍ ) മികച്ച ദീപ നിയന്ത്രണത്തിന് അവാര്‍ഡും ശശീന്ദ്രന് ലഭിച്ചു.

മികച്ച ദീപവിതാനത്തിന് ഗാന്ധിഭവന്റെ അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അമേച്ച്വര്‍ നാടകത്തില്‍ ശശീന്ദ്രന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. ചാത്തന്‍ എന്ന നാടകത്തിലെ അഭിനയമാണ് പുരസ്‌ക്കാരത്തിന് അര്‍ഹമാക്കിയത്.